മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേരളത്തിലെ സിനിമാ പ്രേമികളും ആരാധകരും അതുപോലെ സിനിമാ ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. കോവിഡ് പ്രതിസന്ധി കാരണം റിലീസ് ചെയ്യാൻ കഴിയാതെ ഇപ്പോൾ ഏകദേശം രണ്ടു വർഷമായി ഈ ചിത്രം ഹോൾഡ് ചെയ്തു വെച്ചിരിക്കുകയാണ് നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ. ഓരോ ദിവസവും പിന്നിടുംതോറും ചിത്രം വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത കൂടുകയാണ് എന്നും ആന്റണി പറയുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ഈ ചിത്രത്തിന്റെ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയ ആന്റണി ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്ന അമ്പതു ശതമാനം ആളുകളെ പ്രവേശിപ്പിച്ചു ഈ ചിത്രം റിലീസ് ചെയ്യാൻ പറ്റില്ല എന്നും അത് വലിയ ബാധ്യത ആവും ഉണ്ടാക്കുക എന്നും ആന്റണി പറയുന്നു. പക്ഷെ ഇനി ഒരുപാട് നാൾ കാത്തിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് താനെന്നും ആന്റണി വെളിപ്പെടുത്തി.
അതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ മരക്കാർ റിലീസ് ചെയ്യുമെന്നും അത് ഒന്നുകിൽ തീയേറ്റർ അല്ലെങ്കിൽ നേരിട്ട് ഒടിടി റിലീസ് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഒടിടി മാധ്യമങ്ങൾ ചർച്ചകളുമായി സമീപിച്ചിട്ടുണ്ടെന്നും ആ ചർച്ചകൾ നടക്കുകയാണ് എന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി. എന്ന് മുതൽ മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കാൻ സാധിക്കും എന്ന സർക്കാർ ഉത്തരവ് വരുന്നതിനു അനുസരിച്ചാവും ഇനി മരക്കാർ എന്ന ചിത്രത്തിന്റെ തീയേറ്റർ റിലീസ് സംബന്ധിച്ച തീരുമാനം ഉണ്ടാവുക. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം 75 കോടി മുതൽ മുടക്കിൽ ആണ് നിർമ്മിച്ചത്. മൂന്നു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും നേടിയെടുത്ത ഈ ചിത്രം അഞ്ചു ഭാഷകളിൽ നിർമ്മിച്ച, മലയാളത്തിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. മരക്കാർ തീയേറ്റർ റിലീസ് ആയി കിട്ടിയേ തീരു എന്ന നിലപാടിൽ ആണ് കേരളത്തിലെ തീയേറ്റർ ഉടമകൾ എന്നതും ശ്രദ്ധേയമാണ്.