മോഹന്‍ലാലിന്‍റെ ഒടിയന്‍ കൂടാതെ മലയാളത്തില്‍ മറ്റൊരു ഒടിയനുമായി സംവിധായകന്‍ പ്രിയനന്ദനും..

Advertisement

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’. ചിത്രത്തിനായി മോഹൻലാൽ നടത്തിയ മേക്ക് ഓവർ ഉൾപ്പെടെ ‘ഒടിയനെ’ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന് പുറമെ മലയാളത്തില്‍ മറ്റൊരു ഒടിയനും കൂടി തയ്യാറെടുക്കുന്നതായാണ് പുതിയ വാര്‍ത്ത. പ്രിയനന്ദന്‍ ആണ് ‘ഒടിയന്‍’ എന്ന പേരില്‍ മറ്റൊരു ചിത്രം ഒരുക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഒടിയനെന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് പ്രിയനന്ദന്‍ വ്യക്തമാക്കി.

‘പി.കണ്ണന്‍കുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരത്തിന് ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി കൂടുകള്‍ കൂട്ടുന്നതെ’ന്ന് പ്രിയാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. 2002-ല്‍ കറന്റ് ബുക്‌സ് സുവര്‍ണജൂബിലി നോവല്‍ അവാര്‍ഡ് നേടിയ കൃതിയാണ് ഒടിയന്‍. സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജിനു എബ്രബാം ആണ്. ഹരി നായരാണ് ഛായാഗ്രഹണം.

Advertisement

2013 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയൊരു ചിത്രം പ്രിയനന്ദനന്‍ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ ഉയർന്നുവന്നിരുന്നു. നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രിയനന്ദന്റെ ഒടിയന്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മോഹൻലാലിൻറെ ‘ഒടിയൻ’ എത്താൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ‘ഒടിയൻ’ എന്ന ചിത്രത്തെക്കുറിച്ച് പ്രിയാനന്ദൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയൻ’ മോഹൻലാലിൻറെ സിനിമാജീവിതത്തിലെ തന്നെ മികച്ച ചിത്രമായിരിക്കുമെന്നാണ് സൂചന. 1950 നും 1990 നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close