
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഇരട്ട ആണ്മക്കളിൽ ഒരാളും, വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനുമാണ് അനൂപ് സത്യൻ. ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അനൂപ് സത്യൻ. അനൂപിന്റെ സഹോദരനും, ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കുമെന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുന്ന അഖിൽ സത്യനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം പുറത്തു വിട്ടത്. വളരെ വലിയ ഒരു ചിത്രത്തിലൂടെ കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ ഏറെ പ്രീയപ്പെട്ട ഒരു വലിയ നടനേയും പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അനൂപ് എന്നാണ് അഖിൽ കുറിച്ചത്.
നേരത്തെ മോഹൻലാൽ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ വെച്ച് ഒരു വീഡിയോ അഖിൽ സത്യൻ ഒരുക്കുകയും വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഫഹദിനെ നായകനാക്കി ചിത്രം ചെയ്ത അഖിൽ സത്യന് പ്രണവ് മോഹൻലാൽ നായകനായ ഒരു ചിത്രം ചെയ്യാനുള്ള പ്ളാനുമുണ്ടെന്നു സത്യൻ അന്തിക്കാട് ഈ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ദുൽഖർ സൽമാൻ തന്നെയാണ് ആ ചിത്രം നിർമ്മിച്ചതും. ഏതായാലും ഈ വരാൻ പോകുന്ന അനൂപ് സത്യൻ- മോഹൻലാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. മോഹൻലാൽ നായകനായ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് അനൂപിന്റെ അച്ഛനായ സത്യൻ അന്തിക്കാട്.