പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. യുവ താരം ദുൽഖർ സൽമാന്റെ മൂന്നാമത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുരേഷ് ഗോപിയും ശോഭനയും ഒത്തുള്ള ഈ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. മാത്രമല്ല, ഇപ്പോൾ ദുൽഖർ, സുരേഷ് ഗോപി എന്നിവർ ഒപ്പമുള്ള സ്റ്റിലും പുറത്തു വന്നിട്ടുണ്ട്. അനൂപ് സത്യൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല.
സത്യൻ അന്തിക്കാട് ആണ് ഈ രീതി മലയാള സിനിമയിൽ കൂടുതലായി ഉപയോഗിക്കുന്നത്. പേരിടാതെ തന്നെ സിനിമ ആരംഭിച്ചു ഷൂട്ടിന്റെ അവസാന ഘട്ടത്തിലോ ഷൂട്ടിംഗ് തീരുന്നതിനു ശേഷമോ ഒക്കെയാണ് സത്യൻ അന്തിക്കാട് തന്റെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്നതു. ഏതായാലും അച്ഛന്റെ വഴി തന്നെയാണ് മകൻ അനൂപ് സത്യനും സ്വീകരിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിന്റെ പേര് ഇതുവരെ അനൂപും പുറത്തു വിട്ടിട്ടില്ല. അതൊരു സസ്പെൻസ് ആയി ഇരിക്കുന്നത് കൊണ്ട് തന്നെ ആരാധകരും സിനിമാ പ്രേമികളും ആകാംഷയിലുമാണ്. വേ ഫെറർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണിത്.
ദുൽഖറിന് ഒപ്പം എം സ്റ്റാർ കമ്മ്യൂണിക്കേഷൻസും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയുണ്ട്. ഒരു ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അൽഫോൻസ് ജോസഫ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മുകേഷ് മുരളീധരൻ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ മലയാളത്തിൽ ആദ്യമായി നായികാ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. തെലുങ്കിൽ നായികാ വേഷം ചെയ്ത കല്യാണി, പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്.