
അടുത്തിടെ മലയാള സിനിമയിൽ ചർച്ചയായി മാറിയ ഒന്നായിരുന്നു നടൻ ശ്രീനാഥ് ഭാസിയുടെ അഭിമുഖവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ ശ്രീനാഥ് ഭാസി അറസ്റ്റിലായിരുന്നു. അതിന് ശേഷം മോശമായ പെരുമാറ്റത്തിന്റെ പേരിൽ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് ഒരു നിശ്ചിത കാലത്തേക്ക് വിലക്കാനുള്ള നടപടിയാണ് മലയാളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന എടുത്തത്. എന്നാൽ അതിനെതിരെ, ആരെയും വിലക്കാൻ പാടില്ലെന്നും അതിനോട് യോജിപ്പില്ലെന്നും പ്രതികരിച്ചു കൊണ്ട് മെഗാതാരം മമ്മൂട്ടി മുന്നോട്ട് വന്നതും ശ്രദ്ധേയമായി. എന്നാൽ മമ്മൂട്ടിയല്ല, ആര് പറഞ്ഞാലും വൃത്തികേട് കാണിക്കുന്നവരേയും നിർമ്മാതാക്കളുടെ അന്നം മുടക്കുന്നവരേയും വിലക്കുമെന്ന് പറഞ്ഞു കൊണ്ട് ഫിലിം ചേംബർ പ്രസിഡന്റ് കൂടിയായ ജി സുരേഷ് കുമാറും തിരിച്ചടിച്ചു.
ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് നടനും സംവിധായകനും രചയിതാവുമായ അനൂപ് മേനോൻ. ഒരു സംഘടനയുടെ നിയമാവലിയിൽ ഒരാളെ വിലക്കാമെന്നുള്ള നിയമം ഉണ്ടെങ്കിൽ അവർക്കത് സ്വീകരിക്കാമെന്നും, പക്ഷെ ആ വിലക്ക് നടപ്പിലാവുമോ എന്നതാണ് ചോദ്യമെന്നും അനൂപ് മേനോൻ പറയുന്നു. ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്കുന്നതായത് കൊണ്ട് തന്നെ, ഏർപ്പെടുത്തിയ വിലക്ക് നമ്മുടെ സംവിധാനത്തിൽ സാധ്യമാവുമോ എന്നത് വിലക്കുന്നവർ ആലോചിക്കണമെന്ന് അനൂപ് മേനോൻ സൂചിപ്പിച്ചു. അതുപോലെ ശ്രീനാഥ് ഭാസിയുടെ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം പറയുന്നത്, ചോദ്യകർത്താവിന്റെ ചോദ്യത്തിന്റെ നിലവാരവും, ഉത്തരം പറയുന്ന ആളിന്റെ മറുപടിയുടെ നിലവാരവും അവരുടെ വിദ്യാഭ്യാസവും അറിവും ആണ് കേൾക്കുന്നവരുടെ മുന്നിലെത്തിക്കുക എന്നാണ്. ചോദ്യത്തിലും ഉത്തരത്തിലും ആ അറിവ് പ്രകടമാക്കാൻ അവർ ശ്രമിക്കണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.