തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഷങ്കർ. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എന്നറിയപ്പെടുന്ന ശങ്കറിന്റെ കരിയറിലെ നിർണ്ണായകമായ ചിത്രങ്ങളിൽ ഒന്നായിരുന്നു അന്യൻ. 16 വർഷം മുൻപ് ചിയാൻ വിക്രമിനെ നായകനാക്കി ഷങ്കർ ഒരുക്കിയ ഈ ചിത്രം തെന്നിന്ത്യ മുഴുവൻ കീഴടക്കിയ ബ്ലോക്കബ്സ്റ്റർ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനും ഒരുങ്ങുകയാണ് ഷങ്കർ. ബോളിവുഡ് താരം രണവീർ സിങ്ങിനെ നായകനാക്കി താൻ അന്യൻ ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ് എന്നു ഷങ്കർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ ഹിന്ദി റീമേക്കിനും ഷങ്കറിനും എതിരെ നിയമ നടപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് തമിഴിൽ അന്യൻ നിർമ്മിച്ച ആസ്‌കാർ രവിചന്ദ്രൻ എന്ന പ്രമുഖ നിർമ്മാതാവ്.
ഈ ചിത്രത്തിന്റെ കഥയുടെ പൂർണമായ അവകാശം രചയിതാവ് സുജാതയിൽ നിന്ന് താൻ വാങ്ങിയത് ആണെന്നും അതിനുള്ള രേഖകൾ തന്റെ കൈവശം ഉണ്ടെന്നും രവിചന്ദ്രൻ ഷങ്കറിന് അയച്ച കത്തിൽ പറയുന്നു. അതുപോലെ ബോയ്സ് എന്ന ചിത്രം തകർന്ന് നിൽക്കുമ്പോൾ, ഷങ്കറിന് വീണ്ടും അവസരം നൽകിക്കൊണ്ട് അന്യൻ എന്ന ചിത്രം നിർമ്മിക്കാൻ താൻ തയ്യാറായത് കൊണ്ടാണ് ഷങ്കറിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാൻ സാധിച്ചതെന്നും രവിചന്ദ്രൻ പറയുന്നു. ആ തന്നോട് ഒരു വാക്ക് പോലും പറയാതെ, നിയമപരമായി ഷങ്കറിന് ഒരു അവകാശവും ഇല്ലാത്ത ഈ ചിത്രത്തിന്റെ കഥ ഉപയോഗിക്കാൻ അദ്ദേഹം തുനിഞ്ഞത് വളരെ തരം താണ പ്രവർത്തി ആണെന്നും കത്തിനു പുറമെ നിയമപരമായി മുന്നോട്ടു നീങ്ങിക്കൊണ്ടുള്ള തന്റെ നോട്ടീസ് എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഹിന്ദി റീമേക്കിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.