പ്രണവ് മോഹൻലാലിന് ശേഷം മലയാളത്തിൽ പാർക്കർ സ്റ്റൈൽ ആക്ഷനുമായി അന്ന ബെൻ എത്തുന്നു

Advertisement

കഴിഞ്ഞ വർഷം റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥ രചയിതാവ് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെൻ തന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ വലിയ പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് നേടിയെടുത്തത്. അതിനു ശേഷം നമ്മൾ ഈ നടിയെ കണ്ടത് ഹെലൻ എന്ന ചിത്രത്തിലൂടെയാണ്. ബോക്സ് ഓഫീസിൽ വിജയം നേടിയ ഈ ചിത്രത്തിലും വലിയ കയ്യടിയാണ് ഈ നടി നേടിയെടുത്തത്. ഈ വർഷം അന്ന ബെൻ അഭിനയിച്ച കപ്പേള എന്ന ചിത്രം മാർച്ച് മാസത്തിൽ റിലീസ് ചെയ്തെങ്കിലും ലോക്ക് ഡൌൺ വന്നതിനെ തുടർന്ന് തീയേറ്ററുകൾ അടച്ചതോടെ ആ ചിത്രം കൂടുതൽ പേരിലേക്ക് എത്താതെ പോയി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായി പാർക്കർ ആക്ഷൻ സ്റ്റൈൽ പരിശീലിക്കുന്നതിന്റെ തിരക്കിലാണ് അന്ന ബെൻ. ഹോളിവുഡ് ചിത്രങ്ങളിൽ കണ്ടിട്ടുള്ള പാർക്കർ ആക്ഷൻ സ്റ്റൈൽ മലയാളത്തിൽ ആദ്യമായി കൊണ്ട് വന്നത് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ ആണ്. ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പാർക്കർ ആക്ഷൻ അതിഗംഭീരമായി അവതരിപ്പിച്ചു പ്രണവ് കയ്യടി നേടിയിരുന്നു.

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണു അന്ന ബെൻ പാർക്കർ പരിശീലിക്കുന്നത്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ഈ പുതിയ ചിത്രത്തിൽ ആക്ഷന് വലിയ പ്രാധാന്യമാണുള്ളത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം പ്രശസ്ത നടി ഉർവശിയും ഒരു നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. രണ്ടു മാസത്തെ പാർക്കർ പരിശീലനത്തിന് ശേഷം അന്ന ബെൻ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്ത സമയത്താണ് കോവിഡ് 19 ഭീഷണി മൂലം ഇന്ത്യ ലോക്ക് ഡൗണിലായതും സിനിമാ രംഗം നിശ്ചലമായതും. രഞ്ജൻ പ്രമോദ് ചിത്രത്തിന് ശേഷം, കെയർ ഓഫ് സൈറ ഭാനു എന്ന ചിത്രമൊരുക്കിയ ആന്റണി സോണിയുടെ റൊമാന്റിക് കോമഡി ചിത്രത്തിലാണ് അന്നാ ബെൻ അഭിനയിക്കുക. അർജുൻ അശോകനാണ് ഈ ചിത്രത്തിലെ നായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close