താൻ ഒരാഴ്ചക്കിടെ പന്ത്രണ്ടു തവണ തീയേറ്ററിൽ കണ്ട ചിത്രത്തെക്കുറിച്ചു മനസ്സ് തുറന്നു അഞ്ജലി മേനോൻ..!

Advertisement

മലയാള സിനിമയിലെ വനിതാ സംവിധായികമാരുടെ കൂട്ടത്തിൽ ഏറ്റവും വിജയം നേടിയ ഒരാളാണ് അഞ്ജലി മേനോൻ. രചയിതാവായും സംവിധായികയായും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ കലാകാരി ഇന്ന് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഒരു പേരാണ്. അഞ്ജലി മേനോൻ ചിത്രമാണെങ്കിൽ അതൊരിക്കലും മോശമാവില്ല എന്ന വിശ്വാസമാണ് ഇന്ന് മലയാള സിനിമാ പ്രേക്ഷകർക്കുള്ളത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അഞ്ജലി മേനോൻ കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ചിത്രവുമൊരുക്കി. സൂപ്പർ ഹിറ്റായി മാറിയ ഉസ്താദ് ഹോട്ടൽ എന്ന അൻവർ റഷീദ് ചിത്രം രചിച്ചതും അഞ്ജലി മേനോനാണ്. രചയിതാവായി ദേശീയ അവാർഡും സംസ്ഥാന അവാർഡുകളും നേടിയിട്ടുള്ള ഈ കലാകാരി മറ്റനേകം പുരസ്‍കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ താൻ ഒരാഴ്ചക്കിടെ പന്ത്രണ്ടു തവണ ഒരു ചിത്രം തീയേറ്ററിൽ കണ്ടിട്ടുണ്ടെന്നും അതേതാണെന്നും വെളിപ്പെടുത്തുകയാണ് ഈ സംവിധായിക.

ദി ഹിന്ദുവിന്‍റെ ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖത്തിലായിരുന്നു അഞ്ജലി മേനോൻ ഇത് തുറന്നു പറഞ്ഞത്. ലണ്ടന്‍ ഫിലിം സ്‍കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തു മീര നായർ സംവിധാനം ചെയ്ത മൺസൂൺ വെഡിങ് എന്ന ചിത്രമാണ് താൻ ഒരാഴ്ചക്കിടെ പന്ത്രണ്ടു തവണ തീയേറ്ററിൽ പോയി കണ്ടതെന്ന് പറയുകയാണ് അഞ്ജലി മേനോൻ. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‍കാരം ലഭിച്ചപ്പോഴാണ് ആ സിനിമയെ കുറിച്ച് ആദ്യമായി കേൾക്കുന്നത് എന്നും സത്യജിത് റായിക്കു ശേഷം ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ആ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായതു കൊണ്ട് തന്നെ അത് വളരെയധികം ശ്രദ്ധ നേടിയെന്നും അഞ്ജലി മേനോൻ പറയുന്നു. 2001 ഇൽ ആണ് മൺസൂൺ വെഡിങ് റിലീസ് ചെയ്യുന്നത്. പഠനത്തിന്റെ ഭാഗമായുള്ള ഡിസർട്ടേഷൻ ഈ ചിത്രത്തിൽ തന്നെ നടത്തിയ അഞ്ജലി മേനോൻ പിന്നീട് മീര നായരെ ഇന്റർവ്യൂ ചെയ്യുകയും ചെയ്തു. ഓരോ തവണ കാണുമ്പോഴും കൂടുതൽ കൂടുതൽ ആകർഷകമാവുകയാണ് ഈ ചിത്രമെന്നും അഞ്ജലി മേനോൻ അഭിപ്രായപ്പെടുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close