അച്ഛന്റെ മാസ്സ് ചിത്രങ്ങളേക്കാൾ ഇഷ്ടം ഈ ചിത്രങ്ങൾ; വെളിപ്പെടുത്തി ഐ വി ശശിയുടെ മകൻ..!

Advertisement

മലയാള സിനിമയിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസങ്ങളിൽ ഒരാളാണ് അന്തരിച്ചു പോയ സിനിമാ സംവിധായകൻ ഐ വി ശശി. നൂറിന് മുകളിൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം എൺപതുകളിലും തൊണ്ണൂറുകളിലുമാണ് മലയാള സിനിമയിൽ നിറഞ്ഞു നിന്നതു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ അനി ഐ വി ശശിയും സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അനി ഒരുക്കിയ തീനി (നിന്നിലാ എന്നിലാ) എന്ന തെലുങ്കു ചിത്രം വലിയ രീതിയിലാണ് പ്രേക്ഷകരും നിരൂപകരും സ്വീകരിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശന്റെ സഹസംവിധായകനായി ജോലി ചെയ്യുകയായിരുന്നു അനി ഐ വി ശശി. അച്ഛനിൽ നിന്നും പ്രിയദർശൻ സാറിൽ നിന്നുമാണ് താൻ സിനിമ പഠിച്ചതെന്നും ഭാവിയിൽ മലയാളത്തിൽ ഒരു ചിത്രം ഒരുക്കണം എന്ന് ആഗ്രഹമുണ്ടെന്നും അനി പറയുന്നു. അതോടൊപ്പം തന്നെ അച്ഛന്റെ ചിത്രങ്ങളിൽ തനിക്കു ഇഷ്ടമുള്ള ചിത്രങ്ങളും ഏതൊക്കെയെന്നു അനി പറയുന്നു.

അച്ഛന്റെ മാസ് സിനിമകളേക്കാള്‍ തനിക്കിഷ്ടം എം.ടി സാറിന്റേയും പത്മരാജന്‍ സാറിന്റേയും തിരക്കഥയില്‍ ചെയ്ത സിനിമകളാണെന്നാണ് അനി ഐ വി ശശി പറയുന്നത്. ആള്‍ക്കൂട്ടത്തില്‍ തനിയേ, ആരൂഢം, അനുബന്ധം, കാണാമറയത്ത് തുടങ്ങിയ സിനിമകള്‍ വളരെ ഇഷ്ടമാണെന്നും അനി പറയുന്നു. എന്നാൽ അച്ഛന്റെ മാസ്സ് ചിത്രങ്ങളിൽ ഏറെയിഷ്ടം ദേവാസുരം ആണെന്നും തനിക്കു എല്ലാ തരത്തിലുമുള്ള ചിത്രങ്ങൾ ഒരുക്കണമെന്നും ആഗ്രഹമുണ്ടെന്നും അനി ഐ വി ശശി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഐ വി ശശി. ഒരു മോഹൻലാൽ ചിത്രവും മറ്റൊരു അന്താരാഷ്ട്ര ചിത്രവും കൂടി പ്ലാൻ ചെയ്യുന്നതിനിടയിൽ ആണ് അദ്ദേഹം അന്തരിച്ചത്. ഇപ്പോൾ തന്റെ പുതിയ പ്രോജക്ടിന്റെ തിരക്കിലാണ് അനി ഐ വി ശശി. പ്രിയൻ സാർ വിളിച്ചാൽ അദ്ദേഹത്തിന്റെ കീഴിൽ ഇനിയും ജോലി ചെയ്യുമെന്നും അനി വെളിപ്പെടുത്തി. മരക്കാർ എന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയാണ് അനി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close