യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം മിനിസ്റ്റുഡിയോ നിർമാണവും വിതരണവും ചെയ്യുന്ന ചിത്രമാണ് . കൃഷ്ണമൂർത്തി തിരക്കഥ രചിച്ച ഈ ചിത്രം ആക്ഷനും പ്രണയവും സംഗീതവും നിറഞ്ഞ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്ന് വെച്ചാൽ റാംബോ എന്നൊരു പട്ടിക്കുട്ടിയും എയ്ഞ്ചൽ എന്ന ഒരു വെള്ള പ്രാവും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ആണെന്നതാണ്. പക്ഷെ 1972 ലെ വന്യ മൃഗ സംരക്ഷണ നിയമ പ്രകാരം സിനിമകളിലെ വെള്ള പ്രാവിന്റെ സീനുകൾ ഹരിയാനയിലുള്ള അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നിരോധിച്ചതാണ്. ആ കാരണം കൊണ്ടാണ് ജൂണ് മാസത്തിൽ റീലീസ് പറഞ്ഞിരുന്ന മറഡോണയുടെ റിലീസ് അനിശ്ചിതത്തിലായത് .
മറഡോണ മാത്രമല്ല, ഇതിനു മുൻപും വെള്ള പ്രാവുള്ള പല സിനിമകളുടെയും റിലീസ് ഇതു പോലെ തടഞ്ഞിട്ടുണ്ട്. ആ ചിത്രങ്ങൾ എല്ലാം വീണ്ടും ദിവസങ്ങളോളം എടുത്തു ഗ്രാഫിക്സ് ജോലികൾ ചെയ്തു റീലീസ് ചെയ്യുകയാണ് ചെയ്തത് .എന്നാൽ ഈ സീനുകൾ പ്രദശിപ്പിക്കാൻ അനുമതി നേടാൻ വേണ്ടി മിനി സ്റ്റുഡിയോ തീരുമാനിച്ചതോടെ മറഡോണയുടെ റീലീസ് നീണ്ടു. വന്യ മൃഗ സംരക്ഷണ നിയമ പ്രകാരം വെള്ള പ്രാവ് ഉൾപ്പെടില്ല എന്ന നിലപാട് മിനിസ്റ്റുഡിയോ എടുക്കുകയാണ് ഉണ്ടായത് . എന്നാൽ പിന്നീട് വെള്ള പ്രാവ് ഉൾപ്പെട്ട സീനുകൾ മറഡോണയിൽ ഉൾപ്പെടുത്താൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും, അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ഓഫ് ഫോറെസ്റ്ററി വൈൽഡ് ലൈഫ് വിഭാഗം ഹെഡ് ഡോ പി .ഓ നമീർ തുടങ്ങിയവരുടെ വിദഗ്ധ അഭിപ്രായങ്ങളുമായി സംവിധായകനും, രചയിതാവും ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മറ്റു അണിയറ പ്രവർത്തകരും പല തവണ ഹരിയാനയിൽ പോകേണ്ടതായി വന്നു .
അവസാനം സര്ടിഫിക്കറ്റുകൾ എല്ലാം പരിശോധിച്ച അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ഗ്രാഫിക്സ് കൂടാതെ തന്നെ, ഒറിജിനൽ എയ്ഞ്ചലിനെ സിനിമയിൽ കാണിക്കാൻ പ്രദർശനാനുമതി നൽകുകയാണ് ചെയ്തത്. അതോടു കൂടി എയ്ഞ്ചൽ എന്ന വെള്ളപ്രാവ് ഉൾപ്പെടുന്ന രസകരമായ രംഗങ്ങൾ കാണാനുള്ള അവസരം ആണ് മലയാള സിനിമാ പ്രേമികൾക്ക് കൈ വന്നിരിക്കുന്നത്.
കേരളത്തിൽ രജനികാന്തിന്റെ കാല വിതരണം ചെയ്തതും മിനി സ്റ്റുഡിയോ ആണ്..