‘അങ്കമാലി’ ഇപ്പോഴാണ് കാണാനായത്; അഞ്ച് മാസങ്ങൾക്ക് ശേഷം ചിത്രത്തെ വിലയിരുത്തി അൽഫോൻസ് പുത്രൻ

Advertisement

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ അങ്കമാലി ഡയറീസ്’. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരന്നത്. ആരാധകരെ തൃപ്തിപ്പെടുത്തി ഈ ചിത്രം ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കി.

സിനിമാമേഖലയിൽ നിന്ന് തന്നെ ഒട്ടേറെപ്പേർ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ചിത്രം റിലീസ് ചെയ്‌ത്‌ അഞ്ച് മാസങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പുതുനിര സംവിധായകരില്‍ പ്രമുഖനായ അല്‍ഫോന്‍സ് പുത്രനും അങ്കമാലി ഡയറീസിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

Advertisement

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അൽഫോൻസ് പുത്രൻ ചിത്രത്തെക്കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴാണ് താൻ അങ്കമാലി ഡയറീസ് കണ്ടത്. ചിത്രം ഉശിരനാണ്. ‘പുതുമുഖഅഭിനേതാക്കളും ഗംഭീരം. സംഗീതം വേറെ ലെവല്‍. പടം എനിക്ക് നല്ല ഇഷ്ടമായി.’ സൂക്ഷ്മതയുള്ള തിരക്കഥയാണെന്ന് തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദ് ജോസിനെയും അൽഫോൻസ് അഭിനന്ദിക്കുന്നുണ്ട്.

അതേസമയം നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രം ഒരുക്കുന്നത് തമിഴിലാണ്. ‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അൽഫോൻസ് കുറിച്ചത്. ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അഭിനയിക്കാനും പാട്ട് പാടാനും അറിയാവുന്ന നായികയെയും തന്റെ പുതിയ ചിത്രത്തിനായി അൽഫോൻസ് പുത്രൻ തേടുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close