മഹാനടിയിലെ ഗംഭീര പ്രകടനത്തിന് കീർത്തി സുരേഷിനെ ആദരിച്ച് ആന്ധ്രാ മുഖ്യമന്ത്രിയും…

Advertisement

തെലുങ്ക് സൂപ്പർ താരമായിരുന്ന സാവിത്രിയുടെ ജീവിത കഥ അഭ്രപാളികളിലേക്ക് എത്തിച്ച ചിത്രം മഹാനടി ഇപ്പോൾ തെലുങ്ക് സിനിമാലോകമെങ്ങും ചർച്ചയായി മാറിയിരിക്കുകയാണ്. തെലുങ്കിലും തമിഴിലും ഒരേ സമയം സൂപ്പർ താരമായി മാറിയ സാവിത്രിയുടെ വിജയവും, പിന്നീട് ഉണ്ടായ ജീവിത തകർച്ചയുമെല്ലാം പ്രമേയമാക്കിയ ചിത്രത്തിൽ സാവിത്രിയായി എത്തിയത് കീർത്തി സുരേഷും, നായക കഥാപാത്രത്തെ അവതരിപ്പിച്ചത്‌ ദുൽഖർ സൽമാനുമാണ്. തെലുങ്കിലെ യുവ സംവിധായകരിൽ ഏറെ ശ്രദ്ധേയനായ നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ച് പോന്നത്.

സാവിത്രി എന്ന സൂപ്പർ താരത്തിന്റെ കഥയായത് കൊണ്ട് തന്നെ തെലുങ്ക് – തമിഴ് സിനിമാലോകവും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് അതിനാൽ തന്നെ ഇരു സിനിമാ ലോകവും നൽകിയത്. ആദ്യ ദിവസം തന്നെ ചിത്രത്തെ വാനോളം പ്രശംസിച്ച് സംവിധായകൻ എസ്. എസ്. രാജമൗലിയെത്തിയിരുന്നു. ഇരുവരുടെയും ഗംഭീര പ്രകടനത്തെ കുറിച്ച് തന്നെയാണ് രാജമൗലിയും അന്ന് സംസാരിച്ചത്. പിന്നീട് ചിരഞ്ജീവി, അറ്റ്ലീ തുടങ്ങി നിരവധി പേർ അഭിനന്ദന പ്രവാഹവുമായി എത്തിയിരുന്നു ഇപ്പോഴിതാ ആന്ധ്ര മുഖ്യമന്ത്രിയും മഹാനടിയെ ആദരിച്ചു.

Advertisement

കഴിഞ്ഞ ദിവസം മഹാനടി ഒരുക്കിയ നാഗ് അശ്വിനെയും ചിത്രത്തിലെ അഭിനേതാക്കളെയും മറ്റ് അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി ഗംഭീര പരുപാടി അരങ്ങേറിയിരുന്നു. ചടങ്ങിൽ, ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച നായിക കീർത്തി സുരേഷിനെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയുടെ ചിത്രങ്ങൾ തന്റെ ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയിലൂടെയും, മികച്ച പ്രകടനത്തിലൂടെയും മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ് ഇപ്പോൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close