
പ്രശസ്ത സംവിധായകൻ സലിം അഹമ്മദ് സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രം ഏവരുടെയും കയ്യടികളും അഭിനന്ദനങ്ങളും നേടി തീയേറ്ററിൽ മുന്നേറുകയാണ്. യുവ താരം ടോവിനോ തോമസ് നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സംവിധായകൻ സലിം അഹമ്മദിന്റെ ആത്മ കഥാംശം ഉള്ള ഒരു ചിത്രം കൂടിയാണ്. ഇസഹാക് എന്ന ഒരു യുവ സംവിധായകൻ തന്റെ ആദ്യ ചിത്രവുമായി ഓസ്‌കാറിന് തൊട്ടടുത്ത് വരെ എത്തി ചേരുന്നതാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനു ഒപ്പം തന്നെ അവരുടെ മനസ്സിൽ തൊടുന്ന ഒരുപാട് മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രത്തെ കുറിച്ച് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമൻ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “ആൻഡ് ദ ഓസ്ക്കാർ ഗോസ് റ്റു. ശരിയാണു. ടോവിനോ  കോട്ടും സൂട്ടും ഇട്ട് നിൽക്കുന്ന പ്രമോഷൻ പോസ്റ്ററിൽ  ”ആൻഡ് ദ  ഓസ്കാർ ഗോസ് റ്റു ” എന്ന് വെണ്ടക്കാക്ഷാരത്തിൽ കണ്ടാൽ , ‘ശങ്കരാടിയാണ് കൊള്ള’ എന്ന് നമ്മളുറപ്പിക്കും .വട്ടപ്പൂജ്യത്തിൽ  നിന്നും ഉയർന്ന് വന്ന് വിജയപീഠത്തിലെത്തുന്ന ഒരുവൻ നിന്ന്  കഥാപ്രസംഗം നടത്തുന്ന പരിപാടിയാണു എന്ന് മുൻകൂട്ടി നിശ്ചയിക്കും  !അല്ലേ?
 ന്നാ അങ്ങനൊന്നും അല്ലട്ടോ .
 കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ‘ദ  ഓസ്കാർ ഗോസ് റ്റു ‘! ടോവിനോ ‘നായകൻ ‘ ആയി വന്ന സിനിമകളുടെ കൂട്ടത്തിൽ അയാളുടെ  ,പെർഫോമൻസ് വൈസ് നോക്കിയാൽ ‘ഓസ്‌കാറിന്റെ’ സെക്കൻഡ് ഹാഫ് കട്ടക്ക്  മുന്നിൽ നിൽക്കും  ! അതും പക്വവും സാന്ദ്രതയും  നിറഞ്ഞ ചില സ്ലൈറ്റ് എക്സ്പ്രെഷൻസുകളിലൂടെ !അതേ സമയം മനസ്സിലെ കഥാ തന്തുവിനെ കണ്ണടച്ച് പിന്തുടരുമ്പോൾ സംവിധായൻ വീഴുകയും വിയർക്കുകയുമൊക്കെ  ചെയ്യുന്ന  സ്ഥലങ്ങൾ ഈ സിനിമയിൽ ചിലപ്പോൾ നിങ്ങൾക്ക്  കാണാനായെന്നിരിക്കാം  ! പക്ഷെ, കണ്ണീർത്തുള്ളി പോലെ  തിളങ്ങുന്ന   ചില സീക്വന്സുകൾ  കൊണ്ട് സലിം അഹമ്മദ് ഒടുവിൽ അവയെയെല്ലാം നമ്മുടെ പരാതി പുസ്തകത്തിൽ നിന്നും തട്ടിക്കിഴിക്കുന്നുണ്ട് ! കുറ്റവും കുറവുമൊക്കെ  ഉണ്ടെങ്കിലും ഒടുവിൽ തിയറ്ററിൽ നിന്നും  നമ്മൾ ഇറങ്ങിപ്പോരുന്നത് തീർച്ചയായിട്ടും ഒരു കുഞ്ഞു വെളിച്ചത്തിലേക്ക് തന്നെയാണ്  ! നിന്നെ നോവിക്കുന്നതെന്തോ , അതിനെ ഒരു  ബ്ലസിങ് ആയിക്കണ്ടാൽ മതി എന്ന് റൂമി പറഞ്ഞ അതേ  വെളിച്ചത്തിന്റെ ഒരു പൊട്ട്.
സംഗതി സത്യമാണ്.മലയാള സിനിമ കുറഞ്ഞ കാലത്തിനുള്ളിൽ  പെരും  മാറ്റം മാറിയിട്ടുണ്ട്  ! അരയിൽ  ഒന്നും കെട്ടാതെത്തന്നെ ഒരു മുനമ്പിൽ നിന്നും മറ്റൊരു മുനമ്പിലേക്ക് അതി സാഹസികമായി അത്  കൂപ്പു കുത്തുന്നുണ്ട് ! ഓരോ ഫ്രയിമിലും അത് അതിന്റെ തന്നെ ഭൂതകാലത്തെ വിസ്മരിക്കുവാൻ ശ്രമിക്കുന്നുണ്ട്  !സാൾട്ട് ആൻഡ് പെപ്പർ മുതൽ  ഉണ്ട വരെയുള്ള പല വിധ പുതുകാല ചിത്രങ്ങൾ  വേറെ ലെവലിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട് !സൃഷ്ടിച്ചെടുത്ത  അതി സ്വാഭാവികതയോടൊപ്പം  ഇന്റലിജന്റ് ഹ്യുമറും  ഇച്ചിരി മെലോയും പൊടിക്ക് ത്രില്ലും ഇതിലൊന്നും പെടാത്ത മെയ്ക്കിംഗ് റെസിപ്പിയും  ചേർന്നുള്ള   ന്യൂ ജെൻ ആവിഷ്‌ക്കാര ശൈലി! അതിനെ ഇന്ന് നാം വളരെയധികം സ്നേഹിക്കുന്നു! എന്നാൽ,അതിൽ നിന്ന്  ഒരുപക്ഷെ ബോധപൂർവം  വിട്ട്  നിൽക്കുന്ന,മുൻ നിശ്ചിതമായ ഒരു  മധ്യമമാർഗമാണ്  ‘ഓസ്കാർ’ അതിന്റെ അവതരണത്തിൽ  സ്വീകരിച്ചിട്ടുള്ളത് എന്നത് കൊണ്ട്  മാത്രം അർഹിക്കുന്ന പരിഗണന,അതിനു  കിട്ടാതെ പോവുക എന്നത് കഷ്ടമാണ്! ടോവിനോ അവതരിപ്പിച്ച  ‘ഇസഹാക്ക് ഇബ്രാഹിമിനെ’ (ഒരു പക്ഷെ സംവിധായകൻ തന്നെയായിരിക്കണം അത് ) മനസ്സിലാക്കാൻ ഒരു പ്രയാസവും തോന്നിയില്ല.അങ്ങനെയുള്ളവരെ നേരിൽ അറിയുകയും ചെയ്യാം.സപ്പോർട്ട് ഉണ്ടെങ്കിലും  ഇല്ലെങ്കിലും കുടുംബത്തിൽ നിന്ന് വിട്ടു നിൽക്കാതെ,അതേ  സമയം തല കുത്തി മറിഞ്ഞാലും  സൊസൈറ്റിയിൽ നിന്നും ക്രിയേറ്റീവ്  കലാകാര പട്ടം കിട്ടുകയും ചെയ്യാതെ,പ്രഖ്യാപിത ‘തിരിച്ചറിയൽ മറുകുകളോ ‘ മറ്റു ലഹരി ഉപയോഗങ്ങളോ ഇല്ലാതെ  സ്ട്രഗിൾ ചെയ്തു വന്ന/വരുന്ന ഒരു  അതീവ ന്യൂന പക്ഷ വർഗം ആണത്  .അതിൽ ചിലർ മലയാള സിനിമയുടെ ഇന്നത്തെ മാറ്റത്തിൽ  ഷെയർ ഉള്ളവരുമാണ് ! ഒരാൾ  അനുഭവിച്ച കാര്യം അത്  പോലെ  പറഞ്ഞാൽ ഇന്ന് ആളുകൾ കളിയാക്കും .മിക്കവാറും ”തള്ള്” പട്ടവും കിട്ടും .അതിന്റെ കാരണം വെറും  ഊഹത്തെ സ്വാഭാവികമായും യഥാതഥമായും അവതരിപ്പിക്കാൻ  നമ്മൾ ഇന്ന് പഠിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്. പക്ഷെ ,പഴയ സത്യത്തിനും വേണ്ടേ പൊരി വെയിലത്ത് കേറി നിൽക്കാൻ ഒരു തണൽ ! സ്വന്തം ജീവിതം സാമാന്യം പോരെങ്കിലും  മറ്റുള്ളവരുടെ ജീവിതം കുറ്റമറ്റതായിരിക്കണം എന്ന  മനോ ഭാവം ഇല്ലാതെ സിനിമ കാണുന്നവർക്ക്  ‘ഓസ്‌ക്കാർ’ തീർച്ചയായും ഇഷ്ടപ്പെടും ! ഒന്നും വേണ്ട.നമ്മുടെ കൂട്ടത്തിൽ നിന്നും  ഒരാൾക്ക്  ഒരു ലോകോത്തര  അവാർഡ് കിട്ടി എന്ന് വിചാരിക്കുക!അപ്പോൾ  നമ്മൾ ടൈം ലൈനിൽ, ” കൺഗ്രാറ്റ്സ് അളിയാ ” എന്ന് പൊളിക്കില്ലേ ? എങ്കിൽ അയാളുടെ ജീവിതകഥ അറിയാനും  കൂടി ഒന്ന് മനസ്സ്  വെക്കുക ! അത്രേയുള്ളു ! അതാണ് ‘ദ  ഓസ്കാർ ഗോസ് റ്റു’!  
 നന്ദി ,സലിം അഹമ്മദ് ,ടോവിനോ തോമസ്, സന്തോഷ് രാമൻ &ബിജിബാൽ!
 എല്ലാവരോടും സ്നേഹം..”.