
വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ആണ് വിശാഖ് നായർ. ആ ചിത്രത്തിലെ കുപ്പി എന്ന് പേരുള്ള കഥാപാത്രമായി നടത്തിയ പ്രകടനം ഈ നടന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ നടൻ ഇപ്പോൾ വിവാഹിതനാകാൻ പോവുകയാണ്. ജയപ്രിയ നായർ ആണ് വിശാഖിന്റെ വധു. ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് വിശാഖ് കുറിച്ചത്, ജീവിതത്തിലെ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്നും ഇതാണ് തന്റെ നവവധു ജയപ്രിയ നായർ എന്നുമാണ്. തങ്ങൾ വിവാഹിതരാകാൻ പോവുകയാണ് എന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം എന്നും വിശാഖ് കുറിച്ചിട്ടുണ്ട്. ഏതായാലും വിശാഖിനു ആശംസകൾ നേർന്നു സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ആരാധകരും മുന്നോട്ടു വരികയാണ്.


ആനന്ദത്തിനു ശേഷം , പുത്തൻ പണം, ചങ്ക്‌സ്, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ, ചിരി എന്നീ ചിത്രങ്ങളിൽ ആണ് വിശാഖ് അഭിനയിച്ചത്. ഇത് കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ആയും വിശാഖ് ജോലി ചെയ്തു. ഒരു ഹിന്ദി ആൽബത്തിലും അഭിനയിച്ചിട്ടുള്ള വിശാഖ്, കിളി എന്ന സീരിസിലും ലീഡ് റോൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന യുവനടന്മാരിൽ ഒരാളാണ് വിശാഖ് നായർ. വിശാഖിന്റെ ആദ്യ ചിത്രമായ ആനന്ദം റിലീസ് ചെയ്ത ഒക്ടോബർ 21 എന്ന ഡേറ്റിലാണ് അഞ്ചു വർഷങ്ങൾക്കിപ്പുറം ഈ നടന്റെ വിവാഹ നിശ്ചയവും നടന്നത് എന്നത് ഈ യുവനടന്റെ ജീവിതത്തിൽ യാദൃശ്ചികമായി സംഭവിച്ച ഒരു സന്തോഷമാണ്.
