ബിഗ് ബജറ്റിൽ ഒരുക്കിയ അത്യുഗ്രൻ പരീക്ഷണമായി കമ്മാരസംഭവം; കയ്യടി നേടി നിർമ്മാതാവും…

Advertisement

ദിലീപ് നായകനായി എത്തിയ രതീഷ് അമ്പാട്ട് ചിത്രം കമ്മാരസംഭവം മലയാളികൾ ഇന്നുവരെ കാണാത്ത പുത്തൻ അനുഭവം തീർക്കുകയാണ്. മലയാളത്തിൽ അധികം കണ്ട് പരിചയമില്ലാത്ത ഒരു ജോണറാണ് ചിത്രം ചർച്ചയാക്കിയത്. വളരെയധികം പരാജയ സാധ്യതയുള്ള ചിത്രം ആയിരുന്നിട്ടു കൂടി അവയെ ധൈര്യപൂർവ്വം നേരിട്ട്, ചരിത്ര സംഭവത്തെ അതിന്റെ മൂല്യം ചോർന്നുപോകാതെ ഒരുക്കിയ നിർമ്മാതാവ് ഗോകുലം ഗോപാലൻ വലിയ കയ്യടി അർഹിക്കുന്നു. ഇത്ര വലിയ ക്യാൻവാസിൽ ഇങ്ങനെയൊരു പരീക്ഷണ ചിത്രം ഒരുക്കണമോ എന്നു സാധാരണയായി ഏതൊരു നിർമ്മാതാവും ആലോചിക്കും എങ്കിലും അതിശയൻ മുതൽ ഇങ്ങോട്ട് മലയാളികൾക്ക് പുത്തൻ അനുഭവം തീർക്കുന്ന ഗോകുലം മൂവീസിനോട് ഒരിക്കലും അത്തരമൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടാവില്ല. ചിത്രത്തിനായി മികച്ച ടെക്‌നീഷ്യന്മാരെയാണ് അദ്ദേഹം അണിനിരത്തിയത്. ചിത്രത്തിന്റെ ക്വാളിറ്റി നിലനിർത്താൻ അത്രയേറെ പ്രതിസന്ധികൾക്കിടയിലും കഷ്ടപ്പെട്ട ഗോകുലം മൂവീസിനുള്ള വലിയ നന്ദി ദിലീപ് മുൻപ് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലം കൂടിയാണ് ചിത്രത്തിന്റെ ഇത്ര വലിയ വിജയം.

ആദ്യ ചിത്രം തന്നെ 30 കോടിയോളം മുടക്കി ബിഗ്‌ ബജറ്റിൽ ഒരുക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്, എന്നാൽ ഒരു തുടക്കക്കാരന്റെ പതർച്ച ഇല്ലാതെ തന്നെ രതീഷ് അമ്പാട്ട് ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകനായ സുനിൽ കെ. എസ് ന്റെയും ആദ്യചിത്രമാണ് കമ്മാരസംഭവം. നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുനിൽ ആദ്യമായാണ് ഒരു ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഉണ്ട്. നായകനായ കമ്മാരനോളം പ്രാധാന്യത്തിൽ ഒതേനൻ നമ്പ്യാരായി ചിത്രത്തിൽ സിദ്ധാർത്ഥും ഒപ്പമുണ്ട്. ആദ്യപകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമാനുഭവമാണ് ചിത്രം രണ്ടാംപകുതിയിൽ നൽകുന്നത്. ചരിത്ര കഥ പറഞ്ഞ ആദ്യ പകുതിയിൽ നിന്ന് ചരിത്രത്തെ വളച്ചൊടിച്ചവരെ ആക്ഷേപിക്കുന്ന അതിമനോഹരമായ രണ്ടാം പകുതിയും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദ്, ശ്വേതാ മേനോൻ, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഗോപി സുന്ദർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. വിഷു റിലീസായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരുടെയും മികച്ച പിന്തുണയോടുകൂടി ജൈത്രയാത്ര തുടരുന്നു..

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close