സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് വലിയ തോതിൽ ആരാധക പിന്തുണയുള്ള നടനാണ് വിജയ്. ബാലതാരമായാണ് വിജയ് സിനിമ മേഖലയിലേക്ക് കടന്നുവന്നത്. വെട്രി എന്ന ചിത്രത്തിൽ ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ച വിജയ് നാളായ് തീർപ്പ് എന്ന സിനിമയിലാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി, മെർസൽ തുടങ്ങി ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിരുന്നു. ആദ്യകാലത്ത് ഇളയദളപതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയ് ഇപ്പോൾ ദളപതി എന്ന പേരിലാണ് ആരാധകർ അഭിസംബോധന ചെയ്യുന്നത്.
ഇളയദളപതി എന്ന പേരിൽ അറിയപ്പെട്ടിരുന്നത് താൻ ആണെന്ന അവകാശവാദവുമായി നടൻ ശരവണൻ രംഗത്ത് വന്നിരിക്കുകയാണ്. 1991 ൽ പുറത്തിറങ്ങിയ വൈദേഹി വന്താച്ചു എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ശരവണനാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തമിഴ് ബിഗ് ബോസിൽ വെച്ചാണ് ശരവണൻ തനിക്ക് ഇളയദളപതി എന്ന പേര് ലഭിച്ചതിനെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്നത്. 90 കളിൽ സജീവമായിരുന്ന ശരവണൻ 4 വർഷത്തോളം തമിഴ് സിനിമ ലോകത്ത് അഭിനേതാവായി പ്രവർത്തിച്ചിരുന്നു. സേലത്ത് തന്നെ ആദരിക്കാൻ എത്തിയ ചടങ്ങളിൽ ഒരു ഡി.എം.കെ നേതാവാണ് അദ്ദേഹത്തിന് ഇളയദളപതി എന്ന പേര് നൽകിയതെന്ന് ശരവണൻ വ്യക്തമാക്കി. പിന്നീട് തന്റെ റിലീസിനെത്തിയ എല്ലാ ചിത്രങ്ങളിലും തന്റെ പേരിന് പകരം ഇളയദളപതി എന്നായിരുന്നു ചേർത്തതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 90 കളിൽ തന്നെ തുടർച്ചയായ പരാജയ ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്ന ശരവണൻ സിനിമ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കാർത്തിയുടെ സൂപ്പർഹിറ്റ് ചിത്രമായ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് ശരവണൻ പിന്നീട് വലിയൊരു തിരിച്ചുവരവ് നടത്തിയത്.