അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്; താരങ്ങളുടെ പ്രതിഫലം, ദൃശ്യം 2 ഷൂട്ടിംഗ് വിഷയങ്ങളിൽ തീരുമാനമാവും..!

Advertisement

മലയാള സിനിമ്നയിലെ താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് നടക്കും. മേയ് അവസാന വാരം നിശ്ചയിച്ചിരുന്ന നിര്‍വാഹക സമിതി യോഗവും ജൂണ്‍ അവസാനത്തെ ആഴ്ചയില്‍ വാര്‍ഷിക ജനറല്‍ ബോഡിയും ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്താൻ പറ്റാത്ത അവസ്ഥ ആയതു കൊണ്ടാണ് ഇപ്പോൾ എക്സികുട്ടീവ് യോഗം ചേരുന്നത്. താരങ്ങൾ പ്രതിഫലം കുറക്കണമെന്നുള്ള നിർമ്മാതാക്കളുടെ ആവശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള പുതിയ ചിത്രങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച തർക്കങ്ങൾ എന്നിവയിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആണെങ്കിലും വീഡിയോ കോൺഫറൻസിങ് വഴി യോഗത്തിൽ പങ്കു ചേരും. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവർ തങ്ങളുടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നാണ് നിർമ്മാതാക്കളുടെ നിർദേശം. ദൃശ്യം 2 മുതൽ മോഹൻലാൽ ഉൾപ്പെടെയുള്ളവർ തങ്ങളുടെ പ്രതിഫലം കുറക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ഇല്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചതിൽ അമ്മക്ക് എതിർപ്പ് ഉണ്ടെങ്കിലും അവരുടെ ആവശ്യം ന്യായമായ രീതിയിൽ തന്നെ പരിഹരിക്കപ്പെടും എന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ദൃശ്യം 2 ഓഗസ്റ്റ് മാസം പകുതിയോടെ തന്നെ ആരംഭിക്കുമെന്നും അതിനുള്ള അനുമതി കൂടി ഇന്നത്തെ യോഗത്തിനു ശേഷം നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് നേടിയെടുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനോട് അമ്മ സംഘടനക്ക് യോജിപ്പില്ല എന്നാണ് അറിവ്. അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്ന നിലപാട് ഉള്ള അമ്മ, പുതിയ സിനിമകള്‍ തുടങ്ങിയാല്‍ നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യങ്ങളോട് പൂർണ്ണമായും സഹകരിക്കാം എന്ന നിർദേശമാകും മുന്നോട്ടു വെക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close