ഗപ്പി തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളി ആദ്യ ദിവസങ്ങളില്‍ തന്നെ കണ്ടു; നന്ദി പറഞ്ഞു സംവിധായകൻ.

Advertisement

ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോൺ പോൾ ജോർജ് ഒരുക്കിയ രണ്ടാമത്തെ ചിത്രമായ അമ്പിളി ആഗസ്റ്റ് ഒൻപതിന് ആണ് റീലീസ് ചെയ്തത്. സൗബിൻ ഷാഹിർ നായകനായി എത്തിയ ഈ ചിത്രം ആദ്യം ദിനം മുതൽ ഗംഭീര അഭിപ്രായങ്ങൾ ആണ് നേടിയത് എങ്കിലും അതേ സമയത്തു തന്നെ കേരളത്തിൽ പെയ്ത ശക്തമായ മഴയും കാലവർഷ ദുരിതവും ഈ ചിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ കുറച്ചെങ്കിലും ബാധിച്ചിരുന്നു. കേരളം പ്രളയത്തെ അതിജീവിക്കുന്ന സമയം ആയതിനാൽ അമ്പിളിയുടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പ്രമോഷൻ മാറ്റി വെച്ചു കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ കേരളം പ്രളയത്തിൽ നിന്നു അതിജീവിച്ചു മുന്നോട്ടു വരുമ്പോൾ അമ്പിളിയും പ്രേക്ഷക പങ്കാളിത്തത്തോടെ തീയേറ്ററുകളിൽ നിറഞ്ഞു ഓടുകയാണ്.

ഇപ്പോഴിതാ കേരളത്തിനൊപ്പം പ്രളയത്തിൽ നിന്നും അതിജീവിച്ചു മുന്നോട്ടു കുതിക്കുന്ന തന്റെ ചിത്രത്തെ കുറിച്ചുള്ള സംവിധായകൻ ജോൺ പോൾ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി”. ഇതിനൊപ്പം ചിത്രത്തിന്റെ രണ്ടാം ടീസറും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close