പ്രശസ്ത തെന്നിന്ത്യൻ നായികയായ അമല പോളിന്റെ പത്ര കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി നായകനാവുന്ന പുതിയ ചിത്രത്തിൽ നിന്നും തന്നെ പുറത്താക്കിയതാണെന്ന് നടി അമല പോൾ പറയുന്നു. ആ സിനിമയിൽ നിന്ന് താന്‍ സ്വയം പിന്‍മാറിയതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്നും അമല പോള്‍ തന്റെ പത്ര കുറിപ്പിൽ വ്യക്തമാക്കുന്നു. താന്‍ പ്രൊഡക്‌ഷന്‍ ഫ്രണ്ട്‌ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തന്നെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോൾ പത്രക്കുറിപ്പിലൂടെ പറയുന്നു. വിജയ് സേതുപതിയുടെ 33മത്തെ ചിത്രമായ ഇതിൽ ആദ്യം അമല പോളിനെ നായികയായി പ്രഖ്യാപിച്ച ശേഷം പിന്നീട് മേഘ ആകാശിനെ നായികയായി തീരുമാനിച്ചു എന്നു അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.
അങ്ങേയറ്റത്തെ വിഷമത്തോടെയാണ് താൻ ഇതെഴുതുന്നത് എന്നു പറഞ്ഞാണ് അമല പോൾ തന്റെ പത്ര കുറിപ്പ് ആരംഭിക്കുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുന്നു എന്നും താൻ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണം പറയുന്നത് എന്നും അമല പറയുന്നു. ഇപ്പോള്‍ താന്‍ ഇത് പുറത്ത് പറയുന്നത് ആത്മപരിശോധനക്കായാണ് എന്നും കരിയറിലുടനീളം പ്രൊഡക്‌ഷന്‍ ഹൗസുകളെ താൻ പിന്തുണച്ചിട്ടില്ലേ എന്ന് സ്വയം ആത്മപരിശോധന നടത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍ കൂടിയാണ് ഈ കുറിപ്പ് എന്നും അമല പറയുന്നു. തനിക്കെതിരെ ആരും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതിസന്ധഘട്ടങ്ങളില്‍ താന്‍ വേണ്ടത്ര പിന്തുണ നിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്. നിര്‍മാതാവ് പ്രതിസന്ധിയിലായപ്പോള്‍ ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ എന്ന സിനിമയില്‍ താൻ പ്രതിഫലം ഉപേക്ഷിച്ചു. എന്നും അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തു എന്നും അമല പറയുന്നു.
ഒരിക്കലും തന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് താൻ കേസ് കൊടുത്തിട്ടില്ല. അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ തനിക്ക് ചിത്രീകരണത്തിനിടെ താമസം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് താൻ ശഠിക്കുകയാണെങ്കില്‍ അത് ആ സിനിമയുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. രാവും പകലും തങ്ങൾ ഷൂട്ട് ചെയ്തു. പരിക്ക് പറ്റിയിട്ടും താൻ ഷൂട്ടിങ് തുടര്‍ന്നു എന്നും സമയം പോയാല്‍ വലിയ നഷ്ടം സംഭവിക്കും എന്ന് തനിക്ക് അറിയാമായിരുന്നു എന്നും അമല കൂട്ടിച്ചേർത്തു. ആടൈ എന്ന ചിത്രത്തിന് വേണ്ടിയും അമല ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ് കരാര്‍ ഉണ്ടാക്കിയത് എന്നും താൻ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്, അല്ലാതെ പണക്കൊതിയില്ല എന്നും നടി വ്യക്തമാക്കുന്നു. വിഎസ്പി33 യ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ് അമല ഇപ്പോൾ. യാത്രയ്ക്കും താമസത്തിനും സ്വന്തം പണമാണ് ചെലവാക്കിയത് എന്നും അതിനിടെയാണ് നിര്‍മാതാവ് രത്‌നവേലുകുമാര്‍ തന്നെ പുറത്താക്കിയ വിവരം അറിയിച്ച് സന്ദേശം അയച്ചത് എന്നും അമല വെളിപ്പെടുത്തി. താൻ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ല എന്നും ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് താൻ പറഞ്ഞിരുന്നു എന്ന കാരണം പറഞ്ഞാണ് തന്നെ പുറത്താക്കിയത് എന്നും അമല പത്ര കുറിപ്പിൽ പറയുന്നു.
എന്നാല്‍ അതിന്റെ സത്യവസ്ഥ മനസ്സിലാക്കുന്നതിനും മുന്‍പ് തന്നെ പുറത്താക്കി എന്നും ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നും അമല കൂട്ടിച്ചേർത്തു. ഇത് പുരുഷമേധാവിത്തത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണ് എന്നു പറഞ്ഞ അമല, ആടൈ പുറത്തിറങ്ങിയാല്‍ തന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത എന്നും ആരോപിക്കുന്നു. തന്റെ കഥാപാത്രങ്ങളോട് പൂർണമായും നീതിപുലർത്തുന്ന രീതിയിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇനി തുടർന്നും അങ്ങനെ തന്നെ. എന്നാൽ ഇപ്പോൾ നടന്നത് നിരാശാജനകമാണെന്നും അഭിനേതാവിന്റെ സമയത്തിനോ കഴിവിനോ യാതൊരു വിലയും നൽകാത്ത പെരുമാറ്റമാണ് ഇതെന്നും നടി പറഞ്ഞു. ഇടുങ്ങിയ ചിന്തകളിൽ നിന്നും ഇത്തരം പ്രൊഡക്‌ഷൻ ഹൗസുകള്‍ പുറത്തുവരുമ്പോഴാണ് തമിഴിൽ നല്ല സിനിമകൾ ഉണ്ടാകുന്നത് എന്നും പറഞ്ഞാണ് അമല നിർത്തുന്നത്.