തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ’അറം’ പ്രേക്ഷകശ്രദ്ധ നേടി പ്രദർശനം തുടരുകയാണ്. ചിത്രം പുറത്തിറങ്ങിയതോടുകൂടി തലൈവിയെന്നാണ് നയന്‍സിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ‘അറം’ കണ്ടതിന് ശേഷം താരത്തിനെ അഭിനന്ദിച്ച് നടി അമല പോൾ രംഗത്തെത്തിയിരിക്കുകയാണ്. യാഥാർഥ്യബോധം ഉൾക്കൊള്ളുന്ന ഇത്തരം സിനിമകൾ തമിഴ് സിനിമയ്ക്ക് ആശ്വാസമാണ്. ’അറം’ പോലുള്ള സിനിമകളാണ് വേണ്ടത്. നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദാഹരണം കൂടിയാണ് ‘അറം’.
സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. സൂപ്പര്‍താര ഫോര്‍മുലകള്‍ തെറ്റാണെന്ന് തെളിയിച്ച താരത്തിനും സംവിധായകനായ ഗോപി നൈനാരിനും എല്ലാ ആശംസകളും നേരുന്നതായും അമല വ്യക്തമാക്കി.
മധിവദനി എന്ന കലക്ടറുടെ വേഷത്തിൽ നയൻതാര എത്തുന്ന ചിത്രം സൂപ്പര്‍താരനിരയോ മസാലരംഗങ്ങളോ ഒന്നുമില്ലാതെയാണ് മികച്ച പ്രതികരണത്തോടെ മുന്നേറുന്നത്. മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുമായാണ് നയന്‍താര ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
നിര്‍മ്മാതാവിനെ കിട്ടാത്തതിനാല്‍ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് നയൻതാരയുമായി കൂടിക്കാഴ്ച ഉണ്ടായതെന്നും കഥ കേട്ട താരം നിർമ്മാണത്തിൽ പങ്കാളിയാകാനും അഭിനയിക്കാനും സമ്മതിക്കുകയായിരുന്നുവെന്നും സംവിധായകനായ ഗോപി നൈനാർ വ്യക്തമാക്കിയിരുന്നു. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ നയൻ താരയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമാ ലോകത്ത് ചുവടുവെച്ചത്. തുടർന്ന് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയെങ്കിലും മലയാളത്തിലും താരം അഭിനയിച്ചിരുന്നു. അടുത്തതായി ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയുടെ നായികയായെത്തുന്നത് നയന്‍താരയാണ്.