അമൽ നീരദിന്റെ നായകനാവാൻ സൂര്യ?; ഒപ്പം ഫഹദ് ഫാസിലും

Advertisement

കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഇപ്പോൾ ആർ ജെ ബാലാജി ഒരുക്കുന്ന സൂര്യ 45 ൽ അഭിനയിക്കുകയാണ് തമിഴിന്റെ നടിപ്പിൻ നായകനായ സൂര്യ. ഇപ്പോൾ വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്, ഈ ചിത്രത്തിന് ശേഷം പ്രശസ്ത മലയാള സംവിധായകൻ അമൽ നീരദ് ഒരുക്കാൻ പോകുന്ന ചിത്രം സൂര്യ ചെയ്‌തേക്കും എന്നാണ്.

ചിത്രത്തിന്റെ ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി എന്നും വാർത്തകളുണ്ട്. 40 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കുന്ന ഒരു ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ഇതെന്നും, മലയാള താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തേക്കുമെന്നും പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവർ വേഷമിട്ട ബൊഗൈൻവില്ല ആയിരുന്നു അമൽ നീരദിന്റെ കഴിഞ്ഞ റിലീസ്.

Advertisement

സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ഒരു വമ്പൻ ഹിറ്റാവാൻ സാധിച്ചിരുന്നില്ല. അതിനൊപ്പം മോഹൻലാൽ- ഫഹദ് ഫാസിൽ ടീമിനൊപ്പം ഒരു ചിത്രവും, മമ്മൂട്ടി- ദുൽഖർ സൽമാൻ ടീമിനൊപ്പം ഒരു ചിത്രവും, മോഹൻലാൽ- മമ്മൂട്ടി എന്നിവരെ ഒന്നിപ്പിച്ചൊരു ചിത്രവും അമൽ നീരദ് പ്ലാൻ ചെയ്യുന്നു എന്നും വാർത്തകൾ പരന്നിരുന്നു.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് പ്രഖ്യാപിച്ച ബിലാൽ എന്ന ചിത്രവും ഇപ്പോൾ പെൻഡിങ്‌ ആണ്. അതിനിടയിലാണ് സൂര്യ ചിത്രത്തിന്റെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നതും ആഘോഷിക്കപ്പെടുന്നതും. ഏതായാലൂം അമലിന്റെ പുതിയ ചിത്രം പുതുവർഷത്തിൽ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. കാർത്തിക് സുബ്ബരാജ് ഒരുക്കിയ സൂര്യ 44 ആണ് സൂര്യയുടെ അടുത്ത റിലീസ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close