മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്തു കഴിഞ്ഞ മാസം റിലീസ് ചെയ്ത മലയാള ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം അദ്ദേഹത്തിന് അമ്പതു കോടി ക്ലബിലും ആദ്യമായി ഇടം നേടിക്കൊടുത്തു. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ പുലി മുരുകനും ലൂസിഫറിനും പുറകിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. ഏപ്രിൽ ഒന്നിന് ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം അതിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ബിഗ് ബി വന്ന സമയത്തു ഉണ്ടായ വിമര്ശനങ്ങളെ കുറിച്ച് പറയുകയാണ് അമൽ നീരദ്. ബിഗ് ബി റിലീസായ സമയത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞ ഏറ്റവും വലിയ കുറ്റങ്ങളിലൊന്ന് മലയാളിത്തം ഇല്ല എന്നായിരുന്നു എന്നും, അന്ന് താൻ അതിനു മറുപടി പറഞ്ഞത് നിങ്ങളുടെ പൊള്ളാച്ചി സിനിമയേക്കാള്‍ മലയാളിത്തം എന്റെ ഫോര്‍ട്ട് കൊച്ചി സിനിമയ്ക്ക് ഉണ്ടെന്നായിരുന്നെന്നും അമൽ പറയുന്നു.
മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് താൻ അങ്ങനെ പ്രതികരിച്ചത് അന്നത്തെ വിവരമില്ലായ്മ കൊണ്ടാണെന്നും അമൽ പറഞ്ഞു. ബിഗ് ബിയിലെ കഥാപാത്രത്തിന്റെ പെരുമാറ്റവും അഭിനയ രീതിയുമൊക്കെ മമ്മുക്ക തന്നെ പിടിച്ച ഒരു മീറ്റർ ആയിരുന്നു എന്നും, പക്ഷെ അന്ന് അതിനു താൻ കേട്ട വിമർശനം മമ്മൂക്കയെ മരമാക്കി വെച്ചു അഭിനയിക്കാന്‍ സമ്മതിച്ചില്ല എന്നായിരുന്നെന്നും അമൽ ഓർത്തെടുക്കുന്നു. ആറാടേണ്ട മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാണ്ടാക്കിക്കളഞ്ഞു എന്ന ചര്‍ച്ചയാണ് സിനിമ വന്ന കാലത്തു ഉണ്ടായതു എന്നും അമൽ നീരദ് പറയുന്നു. പിന്നീട് അഞ്ചാറു വര്‍ഷം കഴിഞ്ഞു വന്ന സിനിമാ ആസ്വാദകരുടെ തലമുറയാണ്, ബിഗ് ബിയിൽ മമ്മുക്ക ചെയ്തത് ഭയങ്കര ബ്രില്യന്റായ ആക്ടിങ്ങോ പെര്‍ഫോമന്‍സോ ആണെന്ന് പറഞ്ഞുതുടങ്ങിയത് എന്നും അമൽ നീരദ് കൂട്ടിച്ചേർത്തു.