മമ്മൂട്ടിയേയും അരുൺ വിജയ്‌യെയും നായകന്മാരാക്കി തമിഴ്‌ ചിത്രം; വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

Advertisement

നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഈ രണ്ടു ചിത്രങ്ങളിലും യുവ താരം നിവിൻ പോളി ആണ് നായകനായി അഭിനയിച്ചത്. അതിൽ തന്നെ പ്രേമം നേടിയ വമ്പൻ വിജയം തെന്നിന്ത്യൻ സിനിമയിൽ തന്നെ ഒരു താരമെന്ന നിലയിൽ നിവിൻ പോളിക്കു വലിയ മേൽവിലാസം ഉണ്ടാക്കി നൽകി. എന്നാൽ അതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അൽഫോൻസ് പുത്രൻ മറ്റൊരു ചിത്രം ചെയ്തില്ല എന്നത് ആരാധകരെ നിരാശരാക്കുന്ന കാര്യമാണ്. മോഹൻലാൽ, മമ്മൂട്ടി, കാളിദാസ് ജയറാം തുടങ്ങി ഒട്ടേറെ പേരെ വെച്ച് അൽഫോൻസ് പുത്രൻ ചിത്രങ്ങൾ ചെയ്യുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ചെല്ലാം അൽഫോൻസ് പുത്രൻ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്. പ്രേമം കഴിഞ്ഞു താൻ ആദ്യം പ്ലാൻ ചെയ്തത് കാളിദാസ് ജയറാമിനെ വെച്ചൊരു സംഗീത ചിത്രമാണെന്നും എന്നാൽ കാളിദാസിന്റെ തിരക്ക് മൂലം അത് നടന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതിനു ശേഷം അൽഫോൻസ് പുത്രൻ പ്ലാൻ ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടി, തമിഴ് യുവ താരം അരുൺ വിജയ് എന്നിവരെ നായകന്മാരാക്കി ഒരു തമിഴ് ചിത്രമാണ്. എന്നാൽ അതിന്റെ ബജറ്റ് വളരെ വലുതായതുകൊണ്ടു തന്നെ ആ ചിത്രവും പിന്നീട് ഉപേക്ഷിക്കേണ്ടി വന്നുവെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. ഇപ്പോൾ ഒരു സംഗീത ചിത്രം ചെയ്യാനായി ഓൺലൈൻ വഴി സംഗീതം പഠിക്കുന്നതിന്റെ തിരക്കിലാണ് അൽഫോൻസ് പുത്രൻ. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ വെച്ചും തനിക്കൊരു ചിത്രം ചെയ്യാനാഗ്രഹമുണ്ടെന്നും അൽഫോൻസ് പുത്രൻ നേരത്തെ തന്നെ ഫേസ്ബുക് പേജ് വഴി പറഞ്ഞിരുന്നു. മോഹൻലാൽ- പ്രിയദർശൻ ചിത്രങ്ങളായ ഒപ്പം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ ട്രൈലെറുകൾ എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രനാണ്. ഏതായാലും ഈ സംവിധായകൻ തന്റെ അടുത്ത ചിത്രം ഒഫീഷ്യലായി പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close