കഴിഞ്ഞ ദിവസമാണ് സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ ഫേസ്ബുക് പേജിൽ ശ്രദ്ധേയമായ ഒരു പോസ്റ്റ് ഇട്ടതു. സിനിമയുടെ സാങ്കേതികതയുമായി ബന്ധപെട്ടു ഒരു നടന് എന്തൊക്കെ അറിവുകൾ വേണമെന്നും അതിനു അനുസരിച്ചു എങ്ങനെയായിരിക്കണം അയാൾ തന്റെ അഭിനയം മെച്ചപ്പെടുത്തേണ്ടത് എന്നുമൊക്കെ വിശദീകരിക്കുന്ന ഒരു പോസ്റ്റ് ആയിരുന്നു അത്. സിനിമയിലെ വിവിധ ഷോട്ടുകളിൽ ഒരു നടന്റെ ചലനങ്ങൾ പോലും അയാളുടെ അഭിനയ മികവിനെ സ്വാധീനിക്കാമെന്നും അപ്പോൾ അതെത്രമാത്രം ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണെന്നും അൽഫോൻസ് പുത്രൻ കുറിക്കുന്നു. ഒരു ഷോട്ടിൽ നിന്ന് മറ്റൊരു ഷോട്ടിലേക്കു പോകുമ്പോൾ നടൻ എന്ന നിലയിൽ സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യം ആണെന്നും അഭിനേതാവ് ആവാൻ ആഗ്രഹിക്കുന്നവർ സ്വന്തം ഫോൺ ഉപയോഗിച്ച് വ്യത്യസ്ത ഷോട്ടുകൾ പകർത്തി, വ്യത്യസ്ത വികാരങ്ങൾ അഭിനയിച്ചു പരിശീലിക്കുന്നത് നല്ലതായിരിക്കും എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.
ആ പോസ്റ്റിൽ ഒരു മമ്മൂട്ടി ആരാധകൻ കുറിച്ച വാക്കുകൾ, ഒരു ഷോട്ടിൽ നിന്ന് മറ്റൊരു ഷോട്ടിലേക്കു പോകുമ്പോൾ മമ്മൂട്ടി എന്ന നടൻ പുലർത്തുന്ന സ്ഥിരത വളരെ വലുതാണെന്നും, ആ രണ്ടു ഷോട്ടുകൾ എടുക്കുന്ന സമയങ്ങൾ തമ്മിൽ വർഷങ്ങളുടെ വ്യത്യാസം ഉണ്ടായാലും മമ്മൂട്ടി സ്ഥിരത പുലർത്തുമെന്നു അന്തരിച്ചു പോയ നടൻ മുരളി പറയുന്നത് കേട്ടിട്ടുണ്ടെന്നും അയാൾ പറയുന്നു. അതിനു അൽഫോൻസ് പുത്രൻ നൽകുന്ന മറുപടി, നാല് പി എച് ഡി ഉള്ള പ്രിൻസിപ്പാൾ ആണ് അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടി എന്നാണ്. ഏതായാലും അൽഫോൻസ് പുത്രൻ നൽകിയ ആ മറുപടി മമ്മൂട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ തന്റെ പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളുടെ തിരക്കിൽ കൂടിയാണ് അൽഫോൻസ് പുത്രൻ.