
പുഷ്പ 2വിന്റെ കേരളാ പ്രമോഷൻ പ്രമാണിച്ച് അല്ലു അർജുൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. വമ്പൻ ആരാധക വൃന്ദമാണ് അല്ലു അർജുനെ സ്വീകരിക്കാൻ കൊച്ചിയിൽ എത്തിയത്. മല്ലു അർജുൻ എന്ന് കേരളത്തിലെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് അതിഗംഭീര സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
കൊച്ചിയിൽ വെച്ച് നടന്ന ആ പ്രമോഷൻ ചടങ്ങിൽ പുഷ്പ 2 ലെ ആ സർപ്രൈസും അല്ലു അർജുൻ പുറത്ത് വിട്ടു. കേരളത്തിൽ നിന്ന് തനിക്കു ലഭിക്കുന്ന ആ സ്നേഹത്തിന്, കേരളത്തിനോടുള്ള തന്റെ നന്ദി ആണ് ഈ സർപ്രൈസ് എന്ന് പറഞ്ഞു കൊണ്ടാണ് അല്ലു അർജുൻ അത് പുറത്ത് വിട്ടത്. വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ വെളിപ്പെടുത്തിയത്. പുഷ്പ 2വിലെ ഒരു ഗാനം ആരംഭിക്കുന്നത് മലയാളം വരികളോടെയാണ്. ആറ് ഭാഷകളിലായാണ് ഈ ചിത്രം ഇറങ്ങുന്നത്. എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ഈ ഗാനത്തിന്റെ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും ആരംഭിക്കുക എന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.
ചടങ്ങില്‍ വെച്ച് ഈ പാട്ടും പുഷ്പ ടീം അവതരിപ്പിച്ചു. പാട്ടിന്റെ ഔദ്യോഗിക റിലീസ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. ആഗോള റിലീസായി ഡിസംബർ അഞ്ചിനെത്തുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്‌മിക എന്നിവരും വേഷമിട്ടിരിക്കുന്നു. സുകുമാർ ഒരുക്കിയ ചിത്രം നിർമ്മിച്ചത് മൈത്രി മൂവി മേക്കേഴ്‌സ്, ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് ദേവിശ്രീ പ്രസാദ്.