മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനും മിമിക്രി താരവുമൊക്കെയായ ഒരു വ്യക്തിയാണ് ആലപ്പി അഷറഫ്. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുമൊക്കെയായി അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. തന്റെ സിനിമാ ജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ- ശ്രീനിവാസൻ ടീമിന്റെ ഇടയിലുണ്ടായ വിള്ളലിനെ കുറിച്ച് അദ്ദേഹം കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയ്ക്കു പുറത്തും വലിയ സൗഹൃദം ഉണ്ടായിരുന്ന വ്യക്തികളാണ് മോഹൻലാലും ശ്രീനിവാസനും. എന്നാൽ ഉദയനാണ് താരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ശ്രീനിവാസൻ രംഗങ്ങൾ കുത്തിത്തിരുകി എന്ന ആരോപണം വന്നതോടെ അവർ തമ്മിലുള്ള സൗഹൃദം ഇല്ലാതായതായി റിപ്പോർട്ടുകൾ വന്നു. ആ ചിത്രം ഒരു പരാജയമായിരുന്നു എങ്കിലും അതിലെ രംഗങ്ങൾ പലതും വലിയ വിവാദമായി മാറി. പിന്നീട് തനിക്കു ശ്രീനിവാസനോട് പിണക്കമില്ല എന്ന് മോഹൻലാലും അതുപോലെ സത്യൻ അന്തിക്കാടിനൊപ്പം ചേർന്ന് വീണ്ടുമൊരു മോഹൻലാൽ ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് താനെന്നു ശ്രീനിവാസനും പറഞ്ഞിരുന്നു. മോഹൻലാൽ- ശ്രീനിവാസൻ ടീമിനിടയിലെ പിണക്കങ്ങൾ പരിഹരിക്കപ്പെട്ടു എന്നാണ് സത്യൻ അന്തിക്കാടും തുറന്നു പറഞ്ഞത്.
എന്തായാലും ആ വിവാദ ചിത്രം ഇറങ്ങിക്കഴിഞ്ഞുണ്ടായ ഒരു സംഭവം വിവരിച്ചു കൊണ്ട് ആലപ്പി അഷറഫ് പറയുന്നത് ഇങ്ങനെ, തനിയാനാലും തലപോനാലും. പറയാനുള്ളത് പറയുന്നാളാണ് നടൻ ശ്രീനിവാസൻ. ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാൻ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഒരു മുത്തശ്ശി കഥയിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നല്കിയത്. കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്. ക്ഷുഭിത യവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ , നിസ്സാഹയനിർദ്ധന യവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻലാൽ ശ്രീനിവാസൻ കൂട്ട്കെട്ട്. മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്നും ജന്മം കൊണ്ടതാണ്. കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി. ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു. ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ. ബാക്കി ഞാൻ പറയണ്ടതില്ലല്ലോ. പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ.
ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാനീക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നു. എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു. ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം. ശ്രീനി കൈവെക്കാത്ത മേഖലകൾ ഇനി ബാക്കിയില്ല. അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ടു. സമസ്ത മേഖലകളെയും ആക്ഷേപഹാസ്യത്തിന്റ മധുരത്തിൽ ചാലിച്ചവതരിപ്പിച്ചതിനാൽ, ശ്രീനിയയോട് നീരസം കാട്ടുന്നവരുമുണ്ടു്. ഒന്ന് പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങൾ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ. സിനിമയിലെ കുതികാൽ വെട്ട്, പാര പണിയൽ ,അസൂയ, കുശുമ്പ്, അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയിൽ പോലും കാണാൻ പറ്റില്ല. ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം. നല്ല നടൻ, നല്ല സംവിധായകൻ, നല്ല തിരകഥാകൃത്ത്, നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ്, നല്ല ഒളിയമ്പെയ്ത്ത്കാരൻ, അതാണ് നമ്മുടെ ശ്രീനി. അവസാനമായ് മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവ്വം ചോദിക്കട്ടെ. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്കു് പ്രതീക്ഷിക്കാമോ?, ആലപ്പി അഷറഫ്.