രജനികാന്തും ശിവാജി ഗണേശനും വരെ കാണികൾക്കൊപ്പം; ജയലളിതക്കൊപ്പം വേദിയിൽ സ്ഥാനം ലഭിച്ചത് ഈ മലയാളി സംവിധായകന്..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം പുതുമുഖങ്ങൾക്കൊപ്പമൊരുക്കി അരങ്ങേറ്റം കുറിച്ച ഫാസിൽ പിന്നീട് നമ്മുക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഒട്ടേറെ ചിത്രങ്ങൾ. ഇന്ത്യൻ സിനിമയിലെ തന്നെ നടന ഇതിഹാസമായി ഉയർന്ന മോഹൻലാൽ എന്ന നടനെ കണ്ടെത്തിയതും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചതും ഫാസിൽ എന്ന സംവിധായകനാണ്. മാത്രമല്ല ഇന്നത്ത തലമുറയിലെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി വിലയിരുത്തപ്പെടുന്ന ഫഹദ് ഫാസിൽ ഈ സംവിധായകന്റെ മകനാണ്. ഫാസിൽ ചിത്രത്തിലൂടെ തന്നെയാണ് ഫഹദും അരങ്ങേറ്റം കുറിച്ചത്. മലയാളത്തിയതിനു പുറമെ തമിഴിലും ചിത്രങ്ങളൊരുക്കിയിട്ടുള്ള ഫാസിലിന് തമിഴ് നാട്ടിൽ ലഭിച്ച പോലെയൊരു സ്വീകാര്യത മറ്റൊരു മലയാള സിനിമാ പ്രവർത്തകനും ലഭിച്ചിട്ടില്ല എന്നാണ് ചരിത്രം എന്നിലൂടെ എന്ന സഫാരി ടിവിയിലെ പരിപാടിയിൽ പ്രശസ്ത സംവിധായകനും നടനുമായ ആലപ്പി അഷറഫ് പറയുന്നത്. അതിനുദാഹരണമായി അദ്ദേഹമൊരു സംഭവം വിവരിക്കുന്നുമുണ്ട്.

അന്തരിച്ചു പോയ എം ജി ആറിന്റെ പേരിൽ ജയലളിത തമിഴ് നാട്ടിൽ ഒരു സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക് മലയാളത്തിൽ നിന്നും ക്ഷണം ലഭിച്ചത് ഫാസിലിന് മാത്രമാണ്. ഗവണ്മെന്റ് സിനിമാ സ്റ്റുഡിയോ ആയാണ് എം ജി ആർ സ്റ്റുഡിയോ ജയലളിത ആരംഭിച്ചത്. അന്ന് രജനികാന്ത്, ശിവാജി ഗണേശൻ എന്നിവർക്ക് വരെ വേദിയുടെ താഴെ കാണികളുടെ മുൻനിരയിലാണ് ഇരിപ്പിടമൊരുക്കിയതെങ്കിൽ ഫാസിലിനെ ജയലളിത ക്ഷണിച്ചത് വേദിയിലേക്കാണ്. എല്ലാവരും ജയലളിതയെ കൈകൂപ്പി വണങ്ങി കാലിൽ തൊട്ടാണ് സ്റ്റേജിലേക്ക് കയറിയത് എങ്കിൽ ഫാസിൽ മാത്രം അത് ചെയ്തില്ല. എന്നിട്ടു പോലും ഹായ് ഫാസിൽ എന്ന വിളിയോടെ ഏറെ സന്തോഷ പൂർവമാണ് ജയലളിത അദ്ദേഹത്തെ സ്വീകരിച്ചത്. ഇതായിരുന്നു ഫാസിലിന് അവിടെ ലഭിച്ചിരുന്ന സ്വീകരണമെന്നും ആലപ്പി അഷറഫ് പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, നോക്കെത്താ ദൂരത്തു കണ്ണും നട്ട്, എന്നെന്നും കണ്ണേട്ടന്റെ, മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ, എന്റെ സൂര്യ പുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ് എന്നിവയാണ് ഫാസിലിന്റെ കരിയറിലെ ശ്രദ്ധേയ മലയാള ചിത്രങ്ങൾ. പത്തോളം തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഒരു തെലുങ്കു ചിത്രവുമൊരുക്കിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close