ലോകത്തു ഏറ്റവും കൂടുതൽ വരുമാനമുള്ള സെലിബ്രിറ്റികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഫോർബ്‌സ് മാഗസിൻ പുറത്തു വിട്ടത്. നൂറു പേരടങ്ങുന്ന ലിസ്റ്റിൽ, കഴിഞ്ഞ വർഷം 590 മില്യൺ ഡോളർ സമ്പാദിച്ച അമേരിക്കൻ സെലിബ്രിറ്റിയായ കെയ്‌ലി ജെന്നർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ളത് ബോളിവുഡ് താരം അക്ഷയ് കുമാർ മാത്രമാണ്. നാല്പത്തിയെട്ടര മില്യൺ ഡോളർ കഴിഞ്ഞ വർഷം സമ്പാദിച്ചു ലിസ്റ്റിൽ അന്പത്തിരണ്ടാം സ്ഥാനത്താണ് അക്ഷയ് കുമാർ. ബോളിവുഡിലെ മറ്റു താരങ്ങളെയെല്ലാം കടത്തി വെട്ടിയാണ് അക്ഷയ് കുമാർ ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. ഏകദേശം 366 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ കഴിഞ്ഞ വർഷത്തെ സമ്പാദ്യം. എന്നാൽ അതിനു മുൻപത്തെ വർഷം ഈ ലിസ്റ്റിൽ അദ്ദേഹം മുപ്പത്തിമൂന്നാം സ്ഥാനത്തായിരുന്നു. ആ സമയത്തു അദ്ദേഹത്തിന്റെ വരുമാനം 65 മില്യൺ ഡോളർ ആയിരുന്നു. ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്ന ബോളിവുഡ് സൂപ്പർ താരവും അക്ഷയ് കുമാറാണ്.
പരസ്യത്തിൽ നിന്നും സിനിമയിൽ നിന്നുമെല്ലാം ഇത്രയധികം വരുമാനം ലഭിക്കുന്ന മറ്റൊരു ഇന്ത്യൻ സെലിബ്രിറ്റി ഇല്ല. ഒട്ടേറെ കാരുണ്യ പ്രവർത്തികളും ചെയ്യുന്ന നടനാണ് അക്ഷയ് കുമാർ. ഇന്ത്യയിലുടനീളമുണ്ടായ വെള്ളപ്പൊക്ക സമയത്തും അതുപോലെ ഇപ്പോൾ കൊറോണ സമയത്തും ഏറ്റവും കൂടുതൽ തുക ദുരിതാശ്വാസത്തിനായി സംഭാവന ചെയ്ത താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലക്ഷ്മി ബോംബ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യാനായി ഡിസ്‌നി- ഹോട്ട്സ്റ്റാർ ടീം ഓഫ്ഫർ ചെയ്തത് ബോളിവുഡിലെ റെക്കോർഡ് ഡിജിറ്റൽ സ്ട്രീമിങ് അവകാശ തുകയായ 125 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.