തീയേറ്റര്‍ ഉടമയ്ക്ക് ആശ്വാസമായി അക്ഷയ്കുമാര്‍; കയ്യടി നൽകി സോഷ്യൽ മീഡിയ..!

Advertisement

കോവിഡ് 19 ഭീഷണി മൂലം കഴിഞ്ഞ മാസം രണ്ടാം വാരം മുതൽ ഇന്ത്യൻ സിനിമാ ലോകം പൂർണമായും നിശ്ചലമാണ്. തീയേറ്ററുകൾ എല്ലാം അടഞ്ഞു. പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം നിർത്തി വെച്ചു. വലിയ താരങ്ങളും സാങ്കേതിക പ്രവർത്തകരുമൊഴിച്ചു ബാക്കിയെല്ലാവരും ദുരിതത്തിലാണ്. സിനിമയിലെ ദിവസ വേതനക്കാരായ തൊഴിലാളികളും തീയ്യേറ്റർ തൊഴിലാളികളും ഉടമകളുമൊക്കെ വലിയ പ്രതിസന്ധിയിലാണ്. മലയാളത്തിലും തമിഴിലുമൊക്കെ അത്തരക്കാരെ സഹായിക്കാൻ ഫെഫ്കയും ഫെഫ്‌സിയും അതുപോലെ താരങ്ങളായ മോഹൻലാൽ, വിജയ്, അജിത്, സുര്യ, രജനികാന്ത്, ലോറൻസ് എന്നിവരൊക്കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ നിന്നു ഈ സമയത്തു അത്തരത്തിലൊരു സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത് അക്ഷയ് കുമാർ ആണ്.

മുംബൈയിലെ ഒരു പ്രമുഖ തീയേറ്ററിൻ്റെ ഉടമയോട് താൻ സഹായമെത്തിക്കാമെന്ന് അറിയിചിരിക്കുകയാണ് അക്ഷയ് കുമാർ. ആ തീയേറ്ററുടമ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗെയ്റ്റി ആന്റ് ഗാലക്‌സി എന്ന മള്‍ട്ടിപ്ലക്‌സിന്റെ ഉടമ മനോജ് ദേശായ്യോടാണ് അക്ഷയ് കുമാർ സഹായ സന്നദ്ധത വിളിച്ചു അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സഹായം വേണമെങ്കില്‍ മടികൂടാതെ അറിയിക്കണമെന്ന് അക്ഷയ് കുമാർ തന്നോട് പറഞ്ഞതായി തീയേറ്ററുടമ പറയുന്നു. ഏതായാലും ഈ വിവരം പുറത്തു വന്നതോടെ വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്നു താരത്തിന് ലഭിക്കുന്നത്. നേരത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 കോടിയിലധികമാണ് അക്ഷയ് കുമാർ സംഭാവന ചെയ്തത്. അതു കൂടാതെ ഒട്ടേറെ സഹായങ്ങളുമായി അദ്ദേഹം മുൻപന്തിയിൽ തന്നെയുണ്ട്. ഇന്ന് ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് അക്ഷയ് കുമാർ. മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കിയിട്ടുള്ള അക്ഷയ് ആണ് കഴിഞ്ഞ പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ നൽകിയ ബോളിവുഡ് നായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close