യുവ താരം ഷെയിൻ നിഗം തന്റെ മുടി വെട്ടിയതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദം ഇപ്പോൾ മലയാള സിനിമയിലെ വലിയ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ മുടി വെട്ടി കുർബാനി എന്ന ചിത്രത്തിൽ ഷെയിൻ അഭിനയിക്കാൻ പോയെന്നും പറഞ്ഞു വെയിലിന്റെ നിർമ്മാതാവ് ആയ ജോബി ജോർജ് ഷെയിനിന് എതിരെ ഭീഷണി മുഴക്കുകയും തുടർന്ന് നിർമ്മാതാക്കളുടെ സംഘടന ഇടപെട്ട് ആ പ്രശ്നം ഒത്തുതീർപ്പ് ആക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസത്തിനു ശേഷം അതേ പ്രശ്നം വീണ്ടും ഉണ്ടാവുകയും ഷെയിൻ നിഗമിനെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ഈ മുടി വെട്ടൽ പ്രശ്നം മലയാള സിനിമയിൽ ഇതാദ്യമായല്ല ഉണ്ടാകുന്നത് എന്നാണ് അടുത്തിടെ ഒരു മാധ്യമത്തോട് പ്രശസ്ത നടനും നിർമ്മാതാവും ആയ അജു വർഗീസിന്റെ വെളിപ്പെടുത്തലുകളിൽ നിന്നു മനസ്സിലാവുന്നത്. അജു വർഗീസ് നിർമ്മിച്ചു ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ പോളി ആയിരുന്നു നായകൻ. എന്നാൽ കായംകുളം കൊച്ചുണ്ണി എന്ന സിനിമക്ക് വേണ്ടി നിവിൻ മുടി മുറിച്ചതോടെ ലൗ ആക്ഷൻ ഡ്രാമ പ്ലാൻ ചെയ്ത സമയത്തു ആരംഭിക്കാൻ പറ്റാതായി. അപ്പോൾ താൻ നിവിനെ വിളിച്ചു എന്നും ഈ നടപടി ശരിയല്ല എന്ന് നിവിനോട് പറയുകയും ചെയ്തു എന്നും അജു വർഗീസ് പറയുന്നു. എന്നാൽ താൻ അല്പം വൈകാരികമായി ആണ് പ്രതികരിച്ചത് എന്നു തനിക്ക് പിന്നീട് മനസ്സിലായി എന്നും നിവിൻ അത് മനപൂർവം ചെയ്‌തത് അല്ല എന്നുള്ളത് കൊണ്ട് തന്നെ വേറെ പ്രശ്നങ്ങൾ അതേ തുടർന്ന് ഉണ്ടായില്ല എന്നും അജു പറയുന്നു. നിവിന്റെ സാഹചര്യം അതായിരുന്നു എന്നും കായംകുളം കൊച്ചുണ്ണി നിവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയത് കൊണ്ടും കൂടിയാണ് അതിനു വേണ്ടി കൂടുതൽ സമയം നിവിന് കൊടുക്കേണ്ടി വന്നത് എന്നും അജു വർഗീസ് പറയുന്നു.
2017 ഇൽ പ്രഖ്യാപിച്ച ലൗ ആക്ഷൻ ഡ്രാമ പിന്നീട് ഷൂട്ടിങ് പൂർത്തിയാക്കിയത് 2019 ഇൽ ആണ്. ഈ വർഷം ഓണത്തിന് റീലീസ് ചെയ്ത ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. അന്ന് ഉണ്ടായ ഈ സംസാരത്തിന്റെ പേരിൽ താനും നിവിനും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നും തങ്ങൾ ഇന്നും എന്നും സുഹൃത്തുക്കളായിരിക്കും എന്നും അജു വർഗീസ് പറയുന്നു. ഏതായാലും ഷെയിൻ നിഗം വിഷയം താര സംഘടന ആയ അമ്മ ഇടപെട്ടു തീർക്കും എന്നും അമ്മ പ്രസിഡന്റ് ആയ മോഹൻലാൽ ഷെയിനിനെ വിലക്കുന്ന നടപടിക്ക് എതിരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.