നവാഗതനായ അരുൺ ചന്തുവിന്റെ സംവിധാനത്തിൽ അജു വർഗീസ്,ലെന, ഗണേഷ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. തിയേറ്ററുകളിൽ പ്രദർശനവിജയം തുടർന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സഹോദരങ്ങൾക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുന്ന ചിത്രം മികച്ചൊരു ഫീൽഗുഡ് സിനിമ തന്നെയാണ്. ഇതിനോടകം വളരെ മികച്ച പ്രശംസ നേടിയ ചിത്രത്തിൽ അജു വർഗീസിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെടുകയാണ്. ചിത്രത്തിൽ പിതാവായ സാജനായും മകനായ ബോബനായും അജു വർഗീസ് എത്തിയത് പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തി. ഇതാദ്യമായാണ് അജു വർഗീസ് രണ്ടു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അജു വർഗീസ് വിജയിച്ചിട്ടുമുണ്ട്. ഇതിനോടകം മികച്ച നടനാണ് താനെന്ന് തെളിയിച്ച അജുവർഗീസ് തന്നെ അഭിനയജീവിതത്തിൽ അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രേക്ഷകന് ഈ ചിത്രത്തിലൂടെ തോന്നിപ്പോകുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ഹാസ്യനടനായി മലയാള സിനിമയിലേക്ക് കടന്നു വന്ന അജു വർഗീസ് പിന്നീട് യുവതാരനിരയിലെ ഏറ്റവും മൂല്യമുള്ള ഹാസ്യനടനായി മാറുകയായിരുന്നു. പിന്നീട് സൂപ്പർതാര ചിത്രങ്ങളിൽ വരെ സഹനടനായി അജു വർഗീസ് പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ മലയാളികൾ ഏറ്റെടുത്ത യുവനടൻ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാൻ ആരംഭിച്ചിരിക്കുകയാണ്. സാജൻ ബേക്കറി എന്ന ചിത്രം അതിനുള്ള എല്ലാ സൂചനകളും നൽകുന്നുണ്ട്. പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിനോടൊപ്പം അജു വർഗീസിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്.