സംവിധായകൻ അജി ജോൺ താൻ ഒരു നടനായി മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിയിക്കുന്ന പുതിയ വേഷ പകർച്ചയിലാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ കോക്കേഴ്സ് ഫിലിംസിന്റെ എ കെ സാജൻ ചിത്രമായ “നീയും ഞാനിലൂടെയാണ് ” അജിജോൺ വീണ്ടും അഭിനേതാവായി എത്തിയിരിക്കുന്നത്. ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയുന്ന ചിത്രം എന്ന നിലയിൽ “നീയും ഞാനും” ശ്രദ്ദിക്കപ്പെടുമ്പോൾ അജി ജോൺ അവതരിപ്പിക്കുന്ന സൂഫി എന്ന കോഴിക്കോടൻ കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ഒരു കോഴിക്കോടൻ പ്രണയ കഥയുടെ മറ്റൊരു മുഖമാണ് ചിത്രം പ്രതിപാദിക്കുന്നത്. കപട സദാചാര സമൂഹത്തിന്റെ നേർക്കൊരു ചോദ്യം എറിഞ്ഞു കൊടുക്കുന്നുണ്ട് സംവിധായകൻ എ കെ സാജൻ. കോഴിക്കോടിന്റെ പശചാതലത്തിൽ യാക്കൂബിന്റെയും(ഷറഫുദ്ധീൻ) ഹാഷ്മിയുടെയും(അനു സിതാര) പ്രണയവും തുടർ ജീവിതവും അവരുടെ കഥയുടെ വഴിയിൽ ഷാനുവിന്റെ(സിജു വിൽസൺ) അപ്രതീക്ഷിത വരവിലൂടെയും ഒക്കെ ഒരു മെല്ലെപ്പോക്കു പ്രണയ കഥയായ ചിത്രം രണ്ടാം പകുതിയിൽ വേറിട്ടൊരു വഴിയിലേക്ക് നീങ്ങുന്നുണ്ട്. രണ്ടാം പകുതി ത്രസിപ്പിക്കുവാൻ സംവിധായകൻ സൂഫി (അജി ജോൺ) എന്ന കഥാപത്രത്തെ ക്ര്യത്യമായി ഉപയോഗിച്ചിരിക്കുന്നു. അത് അജിജോൺ തന്മയത്തത്തോടെ അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം സുഗീത് സംവിധാനം ചെയ്ത ‘ശിക്കാരി ശംബു’ എന്ന ചിത്രത്തിലും അജിജോൺ ശക്തമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു. കരുത്തുള്ള കഥാപാത്രങ്ങൾ തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് തന്നെയാണ് നീയും ഞാനും എന്ന ചിത്രത്തിലെ അജിജോണിന്റെ വേഷ പകർച്ച. മലയാളത്തിൽ ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഏതാനും മികച്ച സംവിധായകരുടെ ചിത്രങ്ങളിലും ഒരു സൂപ്പർ സ്റ്റാർ തമിഴ് ചിത്രത്തിലൂടെയും വരും വർഷത്തിൽ നടനെന്ന നിലയിൽ തന്റെ സാനിധ്യം സിനിമയിൽ ഉറപ്പിക്കാനാണ് അജിജോണിന്റെ തയ്യാറെടുപ്പുകൾ.