ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഇതിഹാസമായിരുന്ന വി പി സത്യന്റെ ജീവിത കഥ നമ്മൾ ഈ വർഷം മലയാള സിനിമയിൽ കണ്ടു. ക്യാപ്റ്റൻ എന്ന പേരിൽ പുറത്തു വന്ന ആ ചിത്രത്തിൽ പ്രശസ്ത നടൻ ജയസൂര്യ ആണ് വി പി സത്യൻ ആയി അഭിനയിച്ചത്. ഇപ്പോഴിതാ അതിനു പിന്നാലെ ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാൾ ആയിരുന്ന ഐ എം വിജയന്റെയും ജീവചരിത്രം വെള്ളിത്തിരയിൽ എത്താൻ പോവുകയാണ്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറിയ അരുൺ ഗോപി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനാവുന്ന തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് അരുൺ ഗോപി. ഈ ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും ഐ എം വിജയൻറെ ജീവിതകഥ പറയുന്ന പ്രോജെക്ടിലേക്കു അരുൺ ഗോപി കടക്കുക.
മലയാള സിനിമയിലെ ഒരു പ്രശസ്ത യുവ താരം ആയിരിക്കും ഐ എം വിജയൻ ആയി അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ നിവിൻ പോളി ഐ എം വിജയൻ ആയി അഭിനയിക്കും എന്നൊരു വാർത്ത സോഷ്യൽ മീഡിയയിൽ പരന്നിരുന്നു എങ്കിലും ആ കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. ബിഗ് ബഡ്ജറ്റിൽ ആയിരിക്കും ഐ എം വിജയൻറെ ബയോപിക് ഒരുക്കുക.
അരുൺ ഗോപി- പ്രണവ് മോഹൻലാൽ ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്നത് എന്നാണ് സൂചന. അതോടൊപ്പം തന്നെ ഒരു റോഡ് മൂവിയുടെ സ്വഭാവവും ഈ ചിത്രത്തിന് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പുലി മുരുകനും രാമലീലക്കും ശേഷം ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിക്കുക. പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ആദി ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. മലയാള സിനിമയിലെ ഈ വർഷത്തെ ഏക ബ്ലോക്ക്ബസ്റ്ററും ആദിയാണ്.