
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ അമരക്കാരായി മാറുകയാണ് ഗോകുലം മൂവീസ്. രണ്ടായിരത്തിയേഴിൽ അതിശയൻ എന്ന ചിത്രത്തിലൂടെയാണ് ഗോകുലം മൂവീസ് നിർമ്മാണരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. വിനയൻ സംവിധാനം ചെയ്ത അതിശയൻ ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയതിൽ വച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രമായിരുന്നു. തുടർന്ന് ഹരിഹരൻ എം. ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം പഴശ്ശിരാജയിലൂടെ ഗോകുലം മൂവീസ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. അന്ന് വരെ കാണാത്ത സാങ്കേതിക വിദ്യയുടെ മേന്മയും വലിയ ബജറ്റ് ചിത്രീകരണവുമെല്ലാം ചിത്രത്തെ മറ്റൊരു തരത്തിലേക്ക് ഉയർത്തി. തുടർന്ന് തൂങ്കാവനം പോലുള്ള സിനിമകൾ നിർമ്മിച്ച ഗോകുലം മൂവീസ് വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി എത്തുകയാണ്. ഇത്തവണ ദിലീപ് നായകനായ കമ്മാരസംഭവത്തിലൂടെയാണ് വൻ തിരിച്ചു വരവിനു ഒരുങ്ങുന്നത്. ചിത്രം സ്വതന്ത്ര സമര കാലഘട്ടവും പോരാട്ടവുമെല്ലാം ചർച്ചയാക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അതിന്റെ മൂല്യം ചോരാതെ ഒരുക്കാൻ ഇന്നുവരെ മലയാളം കാണാത്ത സാങ്കേതിക വിദ്യയോടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിനായി ഗോകുലം മൂവീസ് എടുത്ത പ്രയത്നത്തെ പറ്റി കഴിഞ്ഞ ദിവസം ദിലീപ് ഓഡിയോ ലോഞ്ചിൽ പ്രസംഗിച്ചിരുന്നു. മുപ്പത് കോടിയോളം മുടക്കിയൊരുക്കിയിരിക്കുന്ന കമ്മാരസംഭവം അതിനാൽ തന്നെ വലിയ റിലീസ് ഒരുക്കങ്ങൾ ആണ് നടത്തുന്നത്. വിഷുവിനു പുറത്തിറങ്ങുന്ന ചിത്രം ഇരുന്നൂറോളം തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് ഇപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്. നവാഗതനായ രതീഷ് അമ്പാട്ട് ആണ് ചിത്രത്തിന്റെ സംവിധാനം. ദിലീപിനെ കൂടാതെ തമിഴ് നടൻ സിദ്ധാർഥും ചിത്രത്തിലുണ്ട്. നമിത പ്രമോദ്, ബോബി സിംഹ, ശ്വേതാ മേനോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കാണികൾക്ക് പുത്തൻ അനുഭവമാക്കാൻ ഗോകുലം മൂവീസ് ഒരുക്കുന്ന കമ്മാരസംഭവം വിഷുവിനെത്തുന്നു.