കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ ഒരുപാട് വന്നിട്ടുണ്ട്. ആക്ഷേപ ഹാസ്യ രീതിയിലും വളരെ സീരിയസ് ആയി കഥ പറഞ്ഞ പൊളിറ്റിക്കൽ ചിത്രങ്ങൾ ആയും മലയാള സിനിമ കമ്മ്യൂണിസം കൈകാര്യം ചെയ്തിട്ടുണ്ട്. അത്തരം ചിത്രങ്ങളിൽ ഏറ്റവുമധികം വിജയം നേടിയതും ജനശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചതും മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. അദ്ദേഹം അഭിനയിച്ച ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ ചിത്രങ്ങൾ ഇന്നും കമ്മ്യൂണിസം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ഉള്ളിൽ അഗ്നി പടർത്തുന്ന ചിത്രങ്ങളാണ് . വേണു നാഗവള്ളി – ചെറിയാൻ കല്പകവാടി ടീം ആണ് ഈ രണ്ടു ചിത്രങ്ങളും ഒരുക്കിയത്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയ സഖാവ് നെട്ടൂരാനും സഖാവ് ശിവനും ആയി മോഹൻലാൽ നടത്തിയ പ്രകടനം അവിസ്മരണീയം ആയിരുന്നു. ഇപ്പോഴിതാ അതുപോലൊരു ക്ലാസ് ആൻഡ് മാസ്സ് കമ്മ്യൂണിസ്റ്റ് ചിത്രവുമായി എത്തുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരോൾ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപേ സ്റ്റാലിൻ ശിവദാസ് എന്നൊരു ചിത്രത്തിൽ മമ്മൂട്ടി ഒരു കമ്മ്യൂണിസ്റ്റ് കഥാപാത്രത്തെ അവതരിപിച്ചെങ്കിലും ആ ചിത്രവും കഥാപാത്രവും ശ്രദ്ധ നേടാതെ പോയി. അതുകൊണ്ടു തന്നെ പരോളും ആയി മമ്മൂട്ടി എത്തുന്നത് പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടുന്ന ഒരു ചിത്രവും കഥാപാത്രവും സമ്മാനിക്കാൻ ആണ്. പരോളിന്റെ ടീസർ സൂചിപ്പിക്കുന്നത് തന്നെ ഇതൊരു ക്ലാസ് എന്റെർറ്റൈനെർ ആയിരിക്കും എന്നാണ്. സഖാവ് അലക്സിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങൾ ആണ് ഈ ചിത്രത്തിലൂടെ വരച്ചിടുന്നത് എന്നാണ് സൂചന. നവാഗതനായ ശരത് സന്ദിത് ഒരുക്കിയ ഈ ചിത്രത്തിനു രചന നിർവഹിച്ചത് അജിത് പൂജപ്പുര ആണ്. ഈ മാസം അവസാന വാരം പരോൾ കേരളത്തിലെ തീയേറ്ററുകളിൽ എത്തും.