പ്രണവിന് ശേഷം അസിസ്റ്റന്റ് ഡയറക്ടർ ആവാൻ വിസ്മയ മോഹൻലാലും..!

Advertisement

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ, മലയാളികളുടെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. ഒരു ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കാൻ പോകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് സൂചന. ജിജോ പുന്നൂസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം ഈ വർഷം തുടങ്ങാനായിരുന്നു പ്ലാൻ എങ്കിലും കോവിഡ് 19 പടർന്നു പിടിച്ച പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നീട്ടി വെക്കുകയായിരുന്നു. ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരും വിദേശ നടീനടന്മാരും അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് കെ യു മോഹനനും സംഗീതമൊരുക്കുന്നത് ലിഡിയൻ നാദസ്വരവുമാണ്. ഇപ്പോഴിതാ മറ്റൊരു കൗതുകകരമായ വാർത്തയാണ് ഈ ചിത്രത്തെക്കുറിച്ചു പുറത്തു വരുന്നത്. ഈ ചിത്രത്തിൽ മോഹൻലാലിന്റെ സംവിധാന സഹായികളായി എത്താൻ പോകുന്നവരിൽ ഒരാൾ അദ്ദേഹത്തിന്റെ മകളായ വിസ്മയ മോഹൻലാൽ ആണ്. നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.

തന്റെ മൂത്ത മകൾ രേവതിയും മോഹൻലാലിന്റെ മകൾ മായാ എന്ന വിസ്മയയും ഈ ചിത്രത്തിൽ മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു. സിനിമയുമായി ബന്ധപെട്ടു വിസ്മയയെ ആരും ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ആയോധന കല പഠിക്കുന്ന വിസ്മയയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതോടൊപ്പം കവിത എഴുതുകയും ചിത്രം വരക്കുകയും ചെയ്യുന്ന ഒരു കലാകാരി കൂടിയാണ് വിസ്മയ. മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമൽ ഹാസൻ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹൻലാൽ ജോലി ചെയ്തിട്ടുള്ളത്. അതിനു ശേഷം ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close