ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയതിന്റെ നിറവിലാണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടെന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ – പ്രിയദർശൻ ടീം മരക്കാർ അറബിക്കടലിന്റെ സിംഹത്തിനു ശേഷം വീണ്ടും ഒന്നിക്കാൻ പോവുകയാണ്. ദി ക്യൂ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഈ കാര്യം വെളിപ്പെടുത്തിയത്. മരക്കാരിനു ശേഷം മോഹൻലാലുമായി ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്നും ഇത്തവണ ഒരു സ്പോർട്സ് ഡ്രാമ ആണ് ആലോചിക്കുന്നത് എന്നും പ്രിയദർശൻ പറയുന്നു. ആ ചിത്രം രചിക്കുന്നതും താൻ തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രചന കൃത്യ സമയത്തു പൂർത്തിയായാൽ, ബറോസ് എന്ന സംവിധാന സംരംഭവും ജീത്തു ജോസഫ് ചിത്രം റാമും കഴിഞ്ഞു മോഹൻലാൽ അഭിനയിക്കാൻ പോകുന്നത് ഈ പ്രിയദർശൻ ചിത്രത്തിലാവും എന്നാണ് സൂചന. റാം എന്ന ചിത്രത്തിന്റെ പകുതി ഷൂട്ടിംഗ് ആണ് ഇനി ബാക്കിയുള്ളത്.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വർഷം മെയ് പതിമൂന്നിന് ആണ് ഇപ്പോൾ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് ഒരിക്കൽ കൂടി തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ മെയ് മാസത്തിൽ തന്നെ മരക്കാർ ലോകം മുഴുവൻ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായ മരക്കാർ, മലയാളം കണ്ട ഏറ്റവും വലിയ റിലീസ് ആയി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി അറുപതിലധികം രാജ്യങ്ങളിലാവും പ്രദർശനത്തിനെത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ നിർമ്മാണ ചെലവ് 85 കോടി രൂപയോളമാണ്. മികച്ച ചിത്രം, മികച്ച വി എഫ് എക്സ്, മികച്ച വസ്ത്രാലങ്കാരം, മികച്ച നൃത്ത സംവിധാനം, മികച്ച ഡബ്ബിങ് തുടങ്ങി ആറോളം ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളാണ് മരക്കാർ നേടിയെടുത്തത്.