കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരിയെന്ന നടൻ വളരെ വേഗമാണ് ഇവിടെ പോപ്പുലറായത്. ആ ചിത്രത്തിലെ പ്രകടനത്തിനു സംസ്‌ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കിയ ഈ നടൻ പിന്നീട് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. തമിഴിൽ രജനികാന്ത്, വിജയ് സേതുപതി എന്നിവർക്കൊപ്പം അഭിനയിച്ച മണികണ്ഠൻ മാമാങ്കം എന്ന ചിത്രത്തിൽ മലയാളത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു. എന്നാൽ മണികണ്ഠൻ എന്ന നടന് ഒരു വലിയ സ്വപ്നം കൂടി ബാക്കിയുണ്ട്. അത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നതാണ്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മോഹൻലാൽ, മണികണ്ഠൻ ആചാരി എന്നിവർ അഭിനയിച്ചിരുന്നു എങ്കിലും മോഹൻലാലിനൊപ്പമുള്ള സീനുകൾ ഉണ്ടായിരുന്നില്ല ഈ നടന്.
അതുകൊണ്ട് തന്നെ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം അധികം വൈകാതെ തന്നെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മണികണ്ഠൻ ആചാരി. രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറിയതും സംസ്ഥാന അവാർഡ് ലഭിച്ചതും, മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് എന്നിവയൊക്കെ അടുത്തു കാണാൻ സാധിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ഈ നടൻ പറയുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം പേട്ട എന്ന കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രത്തിലാണ് മണികണ്ഠൻ അഭിനയിച്ചത് എങ്കിൽ, വിജയ് സേതുപതിക്കു ഒപ്പം സീനു രാമസാമി സംവിധാനം ചെയ്ത മാമനിതൻ എന്ന ചിത്രത്തിലാണ് മണികണ്ഠൻ അഭിനയിച്ചത്. പേട്ടയിലും വിജയ് സേതുപതിക്കൊപ്പം ഈ നടൻ സ്ക്രീൻ പങ്കിട്ടു. എസ്രാ, ദി ഗ്രേറ്റ് ഫാദർ, അയാൾ ജീവിച്ചിരിപ്പുണ്ട്, അലമാര, വർണ്യത്തിലാശങ്ക, ചിപ്പി, ഈട, കാർബൺ എന്നീ ചിത്രങ്ങളിലും ഈ നടനഭിനയിച്ചിട്ടുണ്ട്.