അങ്കമാലി ഡയറിസ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു യുക്ലാംബ് രാജൻ. പ്രതിനായക നായക സ്വഭാവമുള്ള കഥാപാത്രത്തെ വളരെ അനായസത്തോട് കൂടി കൈകാര്യം ചെയ്തത് ടിറ്റോ വിൽസനായിരുന്നു. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചു. സണ്ണി വെയ്ൻ നായകനായ പോക്കിരി സൈമൺ എന്ന ചിത്രത്തിൽ താരം ഇന്ദ്രൻ എന്ന വില്ലൻ വേഷം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ട് ചിത്രങ്ങളിൽ മാത്രമാണ് താരം ഭാഗമായത്.
ഈ വർഷം പുറത്തിറങ്ങിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിൽ വീണ്ടും അതിശക്തമായ തിരിച്ചുവരവ് നടത്തുകയുണ്ടായി. ഉദയൻ എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷകമനസ്സ് കീഴടക്കുകയുണ്ടായി. ടോവിനോ നായകനായിയെത്തിയ ‘മറഡോണ’ എന്ന ചിത്രത്തിലെ ടിറ്റോ വിൽസന്റെ പ്രകടനമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
സുധി എന്ന കഥാപാത്രമായി ടിറ്റോ വിൽസൺ ചിത്രത്തിൽ വിസ്മയിപ്പിച്ചു എന്ന് തന്നെ വിലയിരുത്താം. ആദ്യമായിട്ടാണ് നായക പ്രാധാന്യമുള്ള ഒരു വേഷം ടിറ്റോ കരിയറിൽ ചെയ്യുന്നത്. മറഡോണ എന്ന കഥാപാത്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരുടെ കോംബിനാഷൻ രംഗങ്ങൾ ചിത്രത്തിൽ ഉടനീളം മികച്ചു നിന്നു. ടോവിനോയുടെ പ്രകടനത്തെ വിലയിരുത്തുന്നതിനോടൊപ്പം ടിറ്റോ വിൽസനും ഒരുപാട് പ്രശംസകളും തേടിയെത്തുന്നുണ്ട്. മറഡോണ എന്ന ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
മായാനദിക്ക് ശേഷം ടോവിനോയുടെ വമ്പൻ തിരിച്ചു വരവ് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.