
26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടവേളയ്ക്കു ശേഷം തമിഴകത്തിന്റെ സൂപ്പർ സ്റ്റാറും മലയാളത്തിന്റെ മെഗാ സ്റ്റാറും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. 1991ൽ റിലീസായ മണിരത്നം ചിത്രം ദളപതിക്കു ശേഷം ‘പസായദൻ’ എന്ന മറാഠി ചിത്രത്തിനു വേണ്ടിയാണ് രജനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങൾ സൂചന നൽകുന്നത്. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ- എഴുത്തുകാരനാണ് ദീപക് ഭാവെ. ബാലകൃഷ്ണ സുർവെ ആണ് ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
മണിരത്‌നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും രജനികാന്തും അവസാനമായി ഒന്നിച്ചത്. അക്കാലത്തെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. മഹാഭാരതത്തിലെ കര്‍ണന്‍റെ കഥയുടെ പശ്ചാത്തലത്തിലായിരുന്നു ‘ദളപതി’യുടെ കഥാപാത്ര നിർമ്മിതി. മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമ എന്ന കാരണത്താൽ ഏറെ പ്രേക്ഷകപ്രീതി നേടിയെടുത്ത ചിത്രമായിരുന്നു ഇത്. അതുകൊണ്ടുതന്നെ രണ്ട് ഇതിഹാസങ്ങൾ ഒന്നിച്ചുചേരുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം രജനിയുടെ അടുത്ത തമിഴ് ചിത്രമായ ‘കാല’യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും അണിയറപ്രവർത്തകർ ഇത് നിഷേധിച്ചിരുന്നു. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവായാണ് രജനികാന്ത് എത്തുന്നത്.