നവാഗതനായ വിഷ്ണു ജി രാഘവ് രചിച്ചു സംവിധാനം ചെയ്ത വാശി എന്ന ചിത്രം ഇപ്പോൾ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം രണ്ടു വക്കീൽ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിന്ദനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ചിത്രം കണ്ടതിന് ശേഷം ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അഭിഭാഷകരുടെ ജീവിതത്തോട് നല്ലപോലെ നീതി പുലർത്തിയ ചിത്രമാണ് വാശി എന്ന് പറഞ്ഞ അദ്ദേഹം കോടതിയിൽ നടക്കുന്ന വിചാരണയെപ്പറ്റി ഇത്ര റിയലിസ്റ്റിക്കായി എടുത്തിട്ടുള്ള മലയാളസിനിമ അടുത്തിടെ വേറെ കണ്ടിട്ടില്ലെന്നും പറയുന്നുണ്ട്.
ഹരീഷ് വാസുദേവൻ കുറിച്ച വാക്കുകൾ ഇപ്രകാരം, “CBI 5 കണ്ടതിന്റെ പിറ്റേന്നാണ് വാശി കാണാൻ പോയത്. വില്ലനാരെന്നു അറിയാത്ത CBI 5 ൽ ഒട്ടും സസ്പെൻസ് തോന്നാതെയാണ്, ബോറായിട്ടാണ് കണ്ടെങ്കിൽ വില്ലനാരെന്നു അറിയാവുന്ന ‘വാശി’യിൽ അവസാനം വരെ സസ്പെൻസ് ഉണ്ടായിരുന്നു. ഉദ്വേഗജനകമായ എന്നാൽ ലളിതമായ, ചെറിയ കഥ. കോടതിയിൽ നടക്കുന്ന വിചാരണയെപ്പറ്റി ഇത്ര റിയലിസ്റ്റിക്കായി എടുത്തിട്ടുള്ള മലയാളസിനിമ അടുത്തയിടെ വേറേ കണ്ടിട്ടില്ല. അഭിഭാഷകരുടെ ജീവിതത്തോട് നല്ലപോലെ നീതി പുലർത്തിയ കഥയും സംഭാഷണവും സംവിധാനവും. നല്ല അഭിനയവും. ജൂനിയർ വക്കീലന്മാർ എന്തായാലും മിസ്സാക്കാൻ പാടില്ലാത്ത ഒരു സിനിമ”. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺ ആണ് രചിച്ചത്.