ബാഹുബലിക്കൊക്കെ ദേശീയ അവാർഡ്; ഇപ്പോൾ ഇത് വെറും ആഭാസം മാത്രം: അടൂർ ഗോപാലകൃഷ്ണൻ

Advertisement

മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ ദേശീയ ശ്രദ്ധ നേടിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് അടൂർ ഗോപാലകൃഷ്ണൻ. ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ പുരസ്‍കാരങ്ങൾ അദ്ദേഹവും അദ്ദേഹത്തിന്റെ ചിത്രങ്ങളും നേടിയെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ദേശീയ അവാർഡ് സിസ്റ്റത്തെ കുറിച്ച് ഞെട്ടിക്കുന്ന പരാമർശമാണ് അടൂർ ഗോപാലകൃഷ്ണൻ നടത്തിയിരിക്കുന്നത്. ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞെന്നും അത് അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറയുന്നു. ദേശീയ അവാർഡ് വെറും ആഭാസം ആയി മാറിയത് കൊണ്ടാണ് ബാഹുബലി പോലെ ഉള്ള ചിത്രങ്ങൾ ദേശീയ പുരസ്‍കാരം നേടുന്നത് എന്നും അദ്ദേഹം തുറന്നടിക്കുന്നു. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിക്കഴിഞ്ഞെന്നും അടൂർ ഗോപാലകൃഷ്ണൻ ആരോപിച്ചു.

ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട്, ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ചാണ് അദ്ദേഹം മേൽ പറഞ്ഞ പരാമർശങ്ങൾ നടത്തിയത്. ദേശീയ പുരസ്‌കാരങ്ങൾ നമ്മുടെ രാജ്യത്തു ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ് എന്ന അഭിപ്രായവും അദ്ദേഹം പങ്കു വെക്കുന്നു. എല്ലാ ചുമടുകളും എടുത്തു മാറ്റി സിനിമയെ മോചിപ്പിക്കണം എന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്കു മുമ്പ് കാണിക്കുന്ന സിഗരറ്റ് വലിക്കെതിരേയുള്ള ഭീകര പരസ്യം കണ്ടാല്‍ പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല എന്നും ഇതിലും ഭേദം സർക്കാരിന് പുകയില അങ്ങ് നിരോധിച്ചാൽ പോരെ എന്നും അദ്ദേഹം ചോദിച്ചു. ഒട്ടേറെ നിയന്ത്രണങ്ങൾ കൊണ്ട് വന്നു സെൻസർ ബോർഡും സിനിമയെ വൈകൃതമാക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയെപ്പറ്റി ഒന്നും അറിയാത്ത, പുസ്തകം പോലും വായിക്കാത്ത ആളുകൾ ഒക്കെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close