ഷെയിൻ നിഗം വിവാദവുമായി ബന്ധപ്പെട്ടു മലയാള സിനിമയിലെ സെറ്റുകളിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ എന്നുള്ള കർശന പരിശോധന വേണം എന്നും അതിനു പൂർണ്ണ പിന്തുണയും നൽകും എന്നും നിർമ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം പത്ര സമ്മേളത്തിൽ പറഞ്ഞിരുന്നു. കഞ്ചാവ് മാത്രമല്ല എൽ.എസ്.ഡി പോലുള്ള ലഹരിമരുന്നുകളുടെ ഉപയോഗവും മലയാള സിനിമയിലെ യുവ തലമുറക്കിടയിൽ വ്യാപകം ആണെന്നും അവർ ഇന്നലെ പറഞ്ഞു. ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരണവും ആയി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനും ആയ ബാബുരാജ്. ലഹരി മരുന്ന് പരിശോധന നടന്നാൽ നടൻമാർ മാത്രം അല്ല നടിമാരും കുടുങ്ങും എന്നാണ് ബാബുരാജ് പറയുന്നത്.
അമ്മ എക്സിക്യു്ട്ടീവ് അംഗം കൂടിയായ ബാബുരാജ് നിർമ്മാതാക്കളുടെ ആരോപണം ശരിവച്ചു കൊണ്ടാണ് സംസാരിച്ചത്. മലയാള സിനിമയിലെ പുതുതലമുറയിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്നും അങ്ങനെ ഉപയോഗിക്കുന്നവരുടെ പ്രത്യേക സംഘം തന്നെ ഉണ്ടെന്നും ബാബുരാജ് പറയുന്നു. ലഹരി ഉപയോഗിക്കുന്ന നടിമാരും ഉണ്ടെന്നും അങ്ങനെ ചെയ്യാത്തവർ ഒന്നിനും കൊള്ളില്ല എന്നാണ് ഇവരുടെ ഒക്കെ വിശ്വാസം എന്നും അദ്ദേഹം പറയുന്നു. ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത ഇവർ കഞ്ചാവ് ഒക്കെ വിട്ടു അതിലും മുകളിൽ ഉള്ള ലഹരി വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് എന്നും ബാബുരാജ് പറയുന്നു. അമ്മയുടെ ബൈലോ പുതുക്കി അതിൽ പറയുന്ന പ്രധാന പ്രശ്നവും ഈ ലഹരി മരുന്ന് ഉപയോഗം ആണെന്നും ബാബുരാജ് വെളിപ്പെടുത്തി. ലഹരി ഉഉപയോഗിച്ച നടൻമാർ കാരണം ഷൂട്ടിംഗ് മുടങ്ങിയ അനുഭവം തനിക്കു ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പോലീസ് ഒന്ന് അറിഞ്ഞു പരിശോധിച്ചാൽ ചില യുവ നടന്മാരും നടിമാരും അകത്തു പോകും എന്നും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്ന പലരും അമ്മയിൽ അംഗങ്ങൾ പോലും അല്ല എന്നും ബാബുരാജ് പറഞ്ഞു. പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ അമ്മയില്‍ അംഗമായത് എന്നും ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം നിർത്തുന്നത്.