തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി വിലയിരുത്തപ്പെടുന്ന നടിയാണ് ഉർവശി. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിയാണ് ഉർവശി എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. എൺപതുകളുടെ മധ്യത്തോടെ സിനിമയിൽ എത്തിയ ഉർവശി ഇന്നും വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത മൂന്നു തമിഴ് ചിത്രങ്ങളിലെ ഉർവശിയുടെ പ്രകടനത്തെ പ്രേക്ഷകരും നിരൂപകരും വാനോളം പ്രശംസിക്കുന്നു കാഴ്ചക്കും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുകയാണിപ്പോൾ. പുത്തൻ പുതു കാലൈ, സൂരറായ് പോട്രൂ, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളാണ് അവ. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും തന്റെ കരിയറിൽ താൻ ഏറ്റവുമാദ്യം നേരിട്ട വിമർശനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഈ നടി. തമിഴിൽ അഭിനയിച്ചപ്പോഴാണ് ആ വിമർശനം താൻ ആദ്യമായി കേട്ടതെന്നു ഒരു മാധ്യമ അഭിമുഖത്തിൽ ഉർവശി വെളിപ്പെടുത്തി.
മുന്താനൈ മുടിച്ച് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് അത് സംഭവിച്ചത്. പുതുതായി ഒരു നായിക വന്നിട്ടുണ്ട് എന്നും സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ലാത്ത അവർ ഭയങ്കര അഹങ്കാരിയാണ് എന്നുമാണ് വിമർശനം ഉയർന്നത്. സംവിധായകന്‍ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുമെന്നും തന്നെ വിമർശിച്ചു വാർത്തകൾ വന്നെന്നു ഉർവശി ഓർത്തെടുക്കുന്നു. ആ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ചെയ്ത് കഴിഞ്ഞപ്പോള്‍ അന്ന് ജനിച്ച ഒരുപാട് കുട്ടികള്‍ക്ക് ആ പേരിട്ട് താൻ കണ്ടിട്ടുണ്ട് എന്നും അന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും അതൊക്കെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാനാവാത്ത കാര്യങ്ങളാണ് എന്നും ഉർവശി പറയുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾക്ക് പുറമെ ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുള്ള ഉർവശി അഞ്ചു കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡും ഒരു ദേശീയ അവാർഡും നേടിയെടുത്തിട്ടുണ്ട്.