
എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമെല്ലാം മലയാളത്തിൽ സജീവമായിരുന്നു ശരണ്യ പൊൻവണ്ണൻ എന്ന നടി. തമിഴ്- മലയാളം ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്ത അവർ തമിഴിലെ തന്റെ രണ്ടാം വരവിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിക്കൊണ്ടാണ് തന്റെ പ്രതിഭ തെളിയിച്ചത്. ഇന്ന് തമിഴിലെ ഏറ്റവും തിരക്കുള്ള സ്വഭാവ നടിമാരിൽ ഒരാളായ ശരണ്യ, മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രത്തിലൂടെ ആണ്. ചെമ്പമ്മാൾ എന്ന തമിഴ് സ്ത്രീ ആയാണ് ഈ ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ പ്രത്യക്ഷപ്പെടുന്നത്. തമിഴ് കഥാപാത്രം ആയതു കൊണ്ട് തന്നെ തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയ ശബ്ദം തന്റെ കഥാപാത്രത്തിന് നല്കാൻ കഴിഞ്ഞു എന്നതാണ് ശരണ്യയെ ഏറെ സന്തോഷിപ്പിക്കുന്നത്.
നവംബർ ഒൻപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായകൻ. ടോവിനോയുമൊത്തുള്ള അഭിനയം ഏറെ രസകരമായിരുന്നു എന്നും അതുകൊണ്ടു തന്നെ വളരെ ഭംഗിയായി തന്നെ തനിക്കു ലഭിച്ച കഥാപാത്രം ചെയ്യാനായി എന്നും ശരണ്യ പറഞ്ഞു. മാത്രമല്ല, മധുപാൽ എന്ന സംവിധായകൻ നമ്മളുടെ ബെസ്റ്റ് തന്നെ പുറത്തു കൊണ്ട് വരുമെന്നും, മികച്ച സംവിധായകനും മികച്ച ഒരു മനുഷ്യനുമാണ് അദ്ദേഹമെന്നും ശരണ്യ പറയുന്നു. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ആണ് ഈ ചിത്രത്തിൽ താൻ അവതരിപ്പിച്ചത് എന്നും കഥാപാത്രത്തെ കുറിച്ച് കൂടുതൽ തുറന്നു പറയാൻ നിർവാഹമില്ലെന്നും ഈ കലാകാരി പറയുന്നു. ഒരു മർഡർ മിസ്റ്ററി ത്രില്ലെർ ആയി ഒരുക്കിയ ഈ ചിത്രം വി സിനിമാസ് ആണ് നിർമ്മിച്ചിരിക്കുന്നത്. അനു സിതാര, നിമിഷ സജയൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.