പൂർണ്ണിമ ഇന്ദ്രജിത്തിന് സംസ്ഥാന ഗവണ്മെന്റ് പുരസ്‌കാരം; ഇതൊരു അപൂർവ നേട്ടം

Advertisement

പ്രശസ്ത നടിയും അവതാരകയും നർത്തകിയുമൊക്കെയായ പൂർണ്ണിമ ഇന്ദ്രജിത്തിന് കേരളാ സംസ്ഥാന ഗവണ്മെന്റ് പുരസ്‌കാരം. നടൻ ഇന്ദ്രജിത് സുകുമാരന്റെ ഭാര്യ കൂടിയായ പൂർണ്ണിമക്കു സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചത് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ സംരഭകർക്കുള്ള പുരസ്‍കാരങ്ങളിലൊന്നാണ്. ഒരു സിനിമാ താരത്തിന് വളരെ അപൂർവമായി ലഭിക്കുന്ന ഈ പുരസ്‍കാരം പൂർണ്ണിമ നടത്തിയ സാമൂഹിക സേവനത്തിനുള്ള അംഗീകാരം കൂടിയാണ്. നടനും ഭർത്താവുമായ ഇന്ദ്രജിത് സുകുമാരൻ ഈ അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് പൂർണ്ണിമക്കു അഭിനന്ദനമറിയിച്ചു. പൂർണ്ണിമക്കു പുറമെ ഈ അവാർഡ് ലഭിച്ച മറ്റു രണ്ടു വനിതകൾ ശ്രുതി ഷിബുലാൽ, ഷീല ജെയിംസ് എന്നിവരാണ്. അവർക്കും ഇന്ദ്രജിത് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് ഇവർ മൂന്നു പേരെയും തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് അറിയിച്ചത്. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവർക്ക് പുരസ്‍കാരങ്ങൾ സമ്മാനിക്കുന്നതെന്നു മന്ത്രി പ്രസ് റിലീസിൽ പറയുന്നു. മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പുരസ്‌കാരങ്ങള്‍ ഇവർക്ക് വിതരണം ചെയ്യും.

Advertisement

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറിയ റോള്‍ മോഡലാണ് പൂര്‍ണിമ ഇന്ദ്രജിത്ത് എന്നും 2013 ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി എന്നും പ്രസ് റിലീസിൽ പറയുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രന്റിനോടൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ച ഈ സ്ഥാപനത്തെ തേടി അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ പോലുള്ള പ്രശസ്തമായ പ്ലാറ്റ്‌ഫോമുകളുമെത്തി. കേരളത്തിലെ പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മ രൂപീകരിച്ച് അവരെ സഹായിക്കുകയും ചെയ്തു പൂർണ്ണിമയുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close