മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ അഭിനന്ദനവും അതോടൊപ്പം വിമർശനവും നേടി മുന്നേറുകയാണ്. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം അതിലെ പ്രമേയം അവതരിപ്പിച്ച രീതിയുടെ പേരിലാണ് വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ ചിത്രത്തിലെ അഭിനേതാക്കൾ അവരുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നുമുണ്ട്. നായകനായ സുലൈമാൻ ആയി അഭിനയിച്ച ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവർ അഭിനന്ദനം ഏറ്റു വാങ്ങുമ്പോൾ അവർക്കൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയത് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയ പാര്‍വതി ആര്‍. കൃഷ്ണ ആണ്. മാലികില്‍ ജയിലിലെ ഡോക്ടറായി ആണ് പാർവതി അഭിനയിച്ചത്. മാലിക് ചിത്രീകരിച്ചപ്പോൾ താൻ കണ്ട ചില കാര്യങ്ങൾ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് പാർവതി.
ചിത്രത്തിലെ നിര്‍ണായക സീനായ ക്ലൈമാക്‌സ് രംഗം ആയിരുന്നു താൻ ആദ്യം അഭിനയിച്ചത് എന്നും ആ സീൻ ഒന്നോ രണ്ടോ ടേക്കിൽ തന്നെ ഓകെ ആയി എന്നും പാർവതി പറയുന്നു. പക്ഷെ ചിത്രത്തിലെ മറ്റൊരു രംഗം 28 ടേക്കുകൾ എടുത്തിട്ടാണ് ശരിയായത് എന്നും മഹേഷ് നാരായണൻ ഒരു പെര്‍ഫക്ഷനിസ്റ്റ് ആയതു കൊണ്ട് തന്നെ സംവിധായകന്റെയും എഡിറ്ററുടെയും കാഴ്ചപ്പാടിലാണ് അദ്ദേഹം ചിത്രം ഷൂട്ട് ചെയ്യുന്നത് എന്നും പാർവതി വിശദീകരിക്കുന്നു. ഒരു ശ്വാസത്തിന്റെ പേരിലാണ് ആ ഷോട്ട് 28 തവണ എടുക്കേണ്ടി വന്നത് എന്ന് പാർവതി പറയുന്നു. ഷൂട്ടിംഗ് സെറ്റില്‍ അത്രയ്ക്ക് ചിരിയും കളിയും ഒന്നുമില്ലായിരുന്നുവെന്നും എല്ലാവരും കഥാപാത്രമായി ആണ് സെറ്റിൽ കൂടുതൽ സമയവും ചിലവഴിച്ചതെന്നും പാർവതി കൂട്ടിച്ചേർക്കുന്നു.