പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കാപ്പ എന്ന ചിത്രം ക്രിസ്മസ് റിലീസായി കഴിഞ്ഞ മാസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിൽ ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്ന ബെൻ, ജഗദീഷ്, നന്ദു, ദിലീഷ് പോത്തൻ തുടങ്ങി ഒരു വലിയതാരനിര തന്നെ അണിനിരന്നിരുന്നു. ഈ ചിത്രത്തിന്റെ ഒടിടി റിലീസ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഉണ്ടായത്. എന്നാൽ ചിത്രം ഒടിടിയിൽ എത്തിയതിനു പിന്നാലെ ഒട്ടേറെ ട്രോളുകൾ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. അതിൽ തന്നെ ഇതിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച അന്ന ബെൻ, അപർണ ബാലമുരളി എന്നിവർക്കാണ് കൂടുതൽ ട്രോളുകൾ വരുന്നത്. ഇവരുടെ കഥാപാത്രങ്ങളെ വെച്ച് ചിത്രം അവസാനിപ്പിച്ചിരിക്കുന്ന രീതിക്കാണ് ട്രോളുകൾ വരുന്നത്. കഴിഞ്ഞ ദിവസം നടന്ന തങ്കം സിനിമയുടെ പ്രസ് മീറ്റിൽ വെച്ച് അപർണ ബാലമുരളി നേരിട്ട ഒരു ചോദ്യം ഈ ട്രോളുകൾ കണ്ടിരുന്നോ എന്നാണ്.
എന്നാൽ ട്രോളുകൾ ഒന്നും തന്നെ താൻ കണ്ടില്ല എന്നും, ചിത്രം കണ്ട ഒരുപാട് പേര് തനിക്ക് സന്ദേശം അയച്ചിരുന്നു എന്നും അപർണ പറയുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അപർണ്ണ പറഞ്ഞു. അതുപോലെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിൽ നായിക ഉപയോഗിക്കുന്ന ഭാഷക്ക് ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അപർണ പറയുന്നത് അതിൽ പ്രത്യേകിച്ച് നെഗറ്റീവ് ആയൊന്നും തോന്നിയില്ല എന്നും, നായകന്മാരും നായികമാരുമൊക്കെ ഇപ്പോൾ ഒരേ രീതിയിൽ ഭാഷ ഉപയോഗിക്കുന്നത് മാറ്റത്തിന്റെ ഭാഗമാണ് എന്നുമാണ്. വിമർശിക്കാനുള്ള അവകാശം ആർക്കുമുണ്ടെന്നും അവർ സൂചിപ്പിച്ചു.