
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അന്നാ ബെൻ. പ്രശസ്ത തിരക്കഥ രചയിതാവ് ബെന്നി പി നായരമ്പലത്തിന്റെ മകളായ ഈ നടി ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയെടുത്തു. കുമ്പളങ്ങി നൈറ്റ്‌സിലെ ഗംഭീര പ്രകടനത്തിന് ശേഷം അന്നാ ബെൻ പ്രേക്ഷകരെ ഞെട്ടിച്ചത് ഹെലൻ എന്ന ചിത്രത്തിലെ മനോഹരമായ പ്രകടനം കൊണ്ടാണ്. പിന്നീട് കപ്പേള എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടിക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളാണ് അന്നാ ബെന്നിനെ തേടിയെത്തുന്നത് എന്നത് തന്നെ ഈ നടിയുടെ അഭിനയ മികവിനുള്ള അംഗീകാരമാണെന്ന് പറയാം. എന്നാൽ ഇപ്പോഴിതാ അന്നാ ബെൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഒരു തുറന്നടിക്കലാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ വെച്ച് അപമാനിക്കപ്പെട്ടതിനെ കുറിച്ചായിരുന്നു ഈ നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. രണ്ട് ചെറുപ്പക്കാർ ചേർന്ന് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് അന്നാ ബെൻ തന്റെ പോസ്റ്റിലൂടെ തുറന്നു പറയുന്നത്.
കുടുംബവുമൊത്ത് മാളിൽ പോകുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്നും സഹോദരി ഇത് നേരിൽ കണ്ടെന്നും അന്നാ ബെൻ കുറിക്കുന്നു. പെട്ടെന്ന് ഒരു ചെറുപ്പകാരൻ തന്റെ ശരീരത്തിൽ അനുവാദമില്ലാതെ സ്പര്ശിച്ചപ്പോൾ ഒരു നിമിഷത്തേയ്ക്ക് എന്തുചെയ്യണമെന്നറിയാതെ സ്തബദ്ധയായെന്നും അന്നാ ബെൻ വെളിപ്പെടുത്തി. അതിനു ശേഷം കടന്നു കളഞ്ഞ ആ ചെറുപ്പക്കാർ മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് വീണ്ടും പിന്തുടർന്നുവെന്നും സംസാരിക്കാൻ ശ്രമിച്ചെന്നും നടി പറയുന്നു. സോഷ്യൽ മീഡിയയിൽ പതിവായി ശബ്ദമുയർത്തുന്ന വ്യക്തിയല്ല താനെന്നും എന്നാല്‍ ഈ സംഭവം പറയാതെ വയ്യ എന്നുമുള്ള വാക്കുകളോടെയാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. രണ്ട് പേര്‍ തന്നെ ഹൈപ്പര്‍ മാര്‍ക്കറ്റിൽ വച്ച് പിന്തുടരുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും രണ്ട് പേരിൽ ഒരാളാണ് തിരക്കിനിടയില്‍ തന്റെ ശരീരത്തെ സ്പർശിച്ച് കടന്നുപോയതെന്നും അന്ന പറയുന്നു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു താൻ പ്രതികരിച്ചില്ല എങ്കിലും നല്ലതല്ലാത്ത ഓരോ സ്പര്‍ശനവും നമുക്ക് മനസ്സിലാകും എന്നും തന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു എന്നും അന്ന ബെൻ വ്യക്തമാക്കി. സഹോദരി തന്റെ അരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ച സമയത്തും താൻ ആകെ ഞെട്ടലിലായിരുന്നു എന്ന് പറഞ്ഞ നടി, പിന്നീട് താൻ ഇതുചോദിക്കാൻ ആ ചെറുപ്പക്കാരുടെ അരികിലേക്ക് നടന്നപ്പോള്‍ അവർ തന്നെ കണ്ടില്ലെന്ന് നടിച്ച് മാറി പോയി എന്നും കുറിച്ചിട്ടുണ്ട്. അവരുടെ ഉദ്ദേശ്യം തനിക്കു മനസ്സിലായി എന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അത് ചെയ്തത് എന്നാണ് അന്ന പറയുന്നത്.
അവരോട് ദേഷ്യം വന്നെങ്കിലും അപ്പോൾ ഒന്നും പറയുവാന്‍ സാധിച്ചിരുന്നില്ല എന്നും പക്ഷെ പിന്നീട്, കൗണ്ടറിൽ പണമടയ്ക്കുവാന്‍ നിൽക്കുന്ന സമയത്ത് അവര്‍ തന്റെയും സഹോദരിയുടേയും അരികിൽ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു എന്നും അന്ന ബെൻ വ്യക്തമാക്കി. ഏതൊക്കെ സിനിമയിലാണ് അന്ന അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. പക്ഷെ അന്നയും സഹോദരിയും അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയ്തു. അമ്മ അവരുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും പോയിരുന്നു. ഒരു കുറ്റബോധവും ഇല്ലാതെയാണ് അവർ നടന്നുനീങ്ങിയത് എന്നും അന്ന സംഭവം വിവരിക്കുന്ന കുറിപ്പിൽ പറയുന്നു. ഏതായാലും ഈ വിഷയത്തിൽ നടിയും കുടുംബവും പോലീസിൽ പരാതി നൽകിയിട്ടില്ല എങ്കിലും മാൾ അധികൃതർ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.