പ്രശസ്ത നടിയും സഹ സംവിധായികയുമായ അംബിക റാവു അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കുകയിരുന്നു അവർ. തൃശൂർ സ്വദേശിയായിരുന്ന അംബിക റാവുവിന്റെ സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തപ്പെടും. സഹസംവിധായികയായി മലയാള സിനിമയിൽ ദീർഘ കാലത്തേ പരിചയസമ്പത്തുള്ള കലാകാരി കൂടിയാണ് അംബിക റാവു. ഫഹദ് ഫാസിൽ, ഷെയിൻ നിഗം, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ വേഷം വലിയ പ്രശംസയാണ് ഈ നടിക്ക് നേടിക്കൊടുത്തത്. നിര്‍മാതാവ് എന്‍.എം. ബാദുഷയാണ് അംബിക റാവു അന്തരിച്ച വിവരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
അസോസിയേറ്റ് ഡയറക്ടറും ചലച്ചിത്ര താരവുമായിരുന്ന അംബിക റാവു അന്തരിച്ചു. അംബികയുമായി നിരവധി സിനിമകള്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആദരാഞ്ജലികള്‍, എന്നാണ് ബാദുഷ കുറിച്ചത്. ലാല്‍ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അംബിക റാവു, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും ജോലി ചെയ്തിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് അംബിക റാവുവിന്റെ സിനിമാ പ്രവേശം. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 58 വയസ്സായിരുന്നു. 2016 ല്‍ സ്മരണ എന്ന പേരില്‍ ഒരു ഹൃസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു അംബിക. അത് കൂടാതെ ഒട്ടേറെ പ്രശസ്ത അന്യഭാഷാ താരങ്ങളെ മലയാളം പഠിപ്പിച്ചതും അംബികയായിരുന്നു.